തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ.വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയത് അപ്രതീക്ഷിത നീക്കമായി. ഭക്ഷണവും വസ്‌ത്രവുമായെത്തിയ ബന്ധുക്കളെ കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലെത്തി. ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുളളവർ വീട്ടിനുളളിലുണ്ട്. അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിനീഷിന്റെ മാതാവിന്റെ സഹോദരിയടക്കമുളളവരാണ് വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ തുടങ്ങിയ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മഹസറിൽ ഒപ്പിടുന്നതിലെ തർക്കം കാരണമാണ് റെയ്‌ഡ് നീളുന്നത്. മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് അനൂപിന്റെ പേരിലുളള എ ടി എം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് എൻഫോഴ്സ്‌മെന്റ് വാദിക്കുന്നു. എന്നാൽ കാർഡ് എൻഫോഴ്സ്‌മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.
ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികൾക്ക് ആധാരമായ രേഖകൾ കുടുംബത്തോട് ഇ ഡി ആവശ്യപ്പെട്ടു. ഇതിനിടയിൽ കുടുംബത്തിന്റെ നിർദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകൻ സംസാരിച്ചു.
തർക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.