തിരുവനന്തപുരം: ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിലാണ് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷനേയും ബാലാവകാശ കമ്മിഷനേയും ബന്ധുക്കൾ സമീപിച്ചു. ഇതേ തുടർന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ വീടിന് മുന്നിൽ എത്തി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുളള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ വ്യക്തമാക്കി.
ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് ബന്ധുക്കൾ വീടിന് മുന്നിലെത്തിയത്. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിനീഷിന്റെ അമ്മ വിനോദിനിയുടെ സഹോദരി ലില്ലി സഹോദരൻ വിനയന്റെ ഭാര്യ അഡ്വ ശ്രീലത എന്നിവരാണ് വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
അതേസമയം ബന്ധുക്കളെ ഇപ്പോൾ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ ഡി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. എന്നാൽ ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. പരിശോധന ഇന്നലെ രാത്രി ഏഴ് മണിയോടെ അവസാനിച്ചെങ്കിലും മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടരുന്നത്.
ബിനീഷിന്റെ ഭാര്യയും മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടിലുളളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടെങ്കിലും ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇ ഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകുമെന്നാണ് വിവരം.