തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അതിരുവിടുന്നെന്ന് മുഖ്യമന്ത്രി വിമർശിച്ച് 48 മണിക്കൂർ തികയും മുൻപാണ് ബിനീഷ് കോടിയേരിയുൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കള്ളപ്പണബിനാമി കേസിൽ ഇന്നലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും കൂട്ട റെയ്ഡ് നടത്തിയത്.
തിരുവനന്തപുരത്തും കണ്ണൂരിലും ഒരേസമയം നടത്തിയ ഏഴ് റെയ്ഡുകൾ കേരളാ പൊലീസിനെ അറിയിച്ചില്ലെന്ന് മാത്രമല്ല, സി.ആർ.പി.എഫിനെയും കർണാടക പൊലീസിനെയും വിന്യസിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ സംസ്ഥാന പൊലീസിനെ റെയ്ഡ് സ്ഥലങ്ങളിൽ കടക്കാൻ ഇ.ഡി അനുവദിച്ചില്ല.
ബിനീഷിനെതിരായ കേസിൽ ഇ.ഡിയുടെ ബംഗളൂരുവിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ശിവശങ്കറിനും സ്വപ്നയ്ക്കുമെതിരായ കള്ളപ്പണക്കേസിൽ കൊച്ചി യൂണിറ്റും നടപടികളുമായി മുന്നോട്ടാണ്.
ശിവശങ്കറിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഫോൺ, ടെക്‌നോപാർക്ക് ഡൗൺടൗൺ, ഇമൊബിലിറ്റി, സ്മാർട്ട്സിറ്റി വികസനം എന്നിവയുടെ ഫയലുകൾ ഇ.ഡി ആവശ്യപ്പെട്ടത്. ഇതിനു പുറമെ ഐ.ടി വകുപ്പിലെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ദുരൂഹ ഇടപാടുകൾ നടത്തിയെന്ന് സംശയിക്കുന്ന, മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇന്നലെ നോട്ടീസ് നൽകി.
കള്ളപ്പണക്കേസിൽ ഇ.ഡിക്ക് എവിടെയും റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കാൻ അധികാരമുണ്ട്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സംസ്ഥാന ജീവനക്കാരും പൊലീസും അന്വേഷണത്തിൽ ഇ.ഡിയെ സഹായിക്കണമെന്നാണ് കേന്ദ്ര ആക്ടിലെ ചട്ടം. ഇന്നലെ ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തുമ്പോൾ തോക്കേന്തിയ കേന്ദ്ര സേനാംഗങ്ങൾ ഗേറ്റിനു മുന്നിൽ നിരന്നു.
വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് സ്വത്ത് പരിശോധിക്കാം. സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറു മാസം വരെ ജാമ്യം കിട്ടില്ല. ബിനാമി ആക്ട്, ഇൻകംടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട് എന്നിങ്ങനെ വിവിധ നിയമങ്ങളുടെ പിൻബലത്തിലാണ് ഇ.ഡിയുടെ പ്രവർത്തനം.
പിടിവിടാതെ
സർക്കാർ പദ്ധതികളിലെ ബിനാമികള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സ്വപ്നയെയും സരിത്തിനെയും ജയിലിൽ ചോദ്യംചെയ്യുന്നുണ്ട്. ഈ വിവരങ്ങളും ശിവശങ്കറിന്റെ മൊഴിയും ഒത്തുനോക്കി തുടർ നടപടി
നാല് വൻകിട പദ്ധതികളുടെ രേഖകൾ നൽകിയില്ലെങ്കിൽ സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുക്കുമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇവയിലെ ദുരൂഹ കൺസൾട്ടൻസി ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്.