ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിദിന നിരക്കിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,210 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനരോഗബാധയിൽ രാജ്യത്തിന് ആശ്വാസത്തിന് വകയുണ്ടായിരുന്നു. ബുധനാഴ്‌ച 46,253 പേർക്കും ചൊവ്വാഴ്‌ച 38,310 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കൊവിഡ് രോഗബാധ രാജ്യത്ത് ശക്തികുറയുന്നില്ല എന്നത് തെളിയിക്കുന്നതാണ്. എന്നാൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നത് രാജ്യത്തിന് ആശ്വസിക്കാവുന്ന വക നൽകുന്നുണ്ട്.
രാജ്യത്ത് ആകെ ആക്‌ടീവ് കേസുകൾ 5,27,962 ആണ്. ബുധനാഴ്‌ചത്തേതിനെക്കാൾ എണ്ണം കുറവാണിത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,000 കടന്നെങ്കിലും 55,000 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 704 പേർ മരണമടഞ്ഞു. രാജ്യത്ത് ആകെ ഇതുവരെ 83,64,086 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ രോഗികളുടെ കണക്കിൽ 8.5% വർദ്ധനയാണ് ഉണ്ടായത്. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10 ലക്ഷം പേരിൽ രോഗികളുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കുറവാണ്. ദേശീയ ശരാശരി 6025 ആണ്. ബീഹാർ,മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്,മിസോറാം, രാജസ്ഥാൻ, ജാർഖണ്ഡ്,ഗുജറാത്ത്,മേഘാലയ,ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, നാഗാലാന്റ്,പഞ്ചാബ്, ദാമൻ ആന്റ് ദിയു, ദാദ്ര നാഗർ ഹവേലി,ഉത്തരാഖണ്ഡ്,സിക്കിം,ആസാം എന്നിവിടങ്ങളാണ് അവ.
കേരളം, ഡൽഹി, മഹാരാഷ്‌ട്ര,പശ്‌ചിമ ബംഗാൾ, എന്നിവിടങ്ങളിലാണ് ഏറ്രവുമധികം രോഗം റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിൽ ഇന്നലെ 6842 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മൂന്നാമത് രോഗവ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ സ്ഥിരീകരിച്ചു.