തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂറിലേറെ നീണ്ട എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്ന് എ സി പി പറഞ്ഞു. തുടർന്ന് വാഹനം വിട്ടയക്കുകയായിരുന്നു. ഇ ഡിയിൽ നിന്ന് വിശദീകരണം തേടി പൊലീസ് മെയിൽ അയച്ചു.
ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിലാണ് പരാതി നൽകിയത്.
എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയത് അപ്രതീക്ഷിത നീക്കമായി. ഭക്ഷണവും വസ്‌ത്രവുമായെത്തിയ ബന്ധുക്കളെ കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലെത്തി. ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുളളവർ വീട്ടിനുളളിലുണ്ടെന്നും അവരെ കാണാതെ വീടിന് മുന്നിൽ നിന്ന് പോകില്ലെന്നുമായിരുന്നു ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിന്റെ മാതാവിന്റെ സഹോദരിയടക്കമുളളവരാണ് വീടിന് മുന്നിൽ പ്രതിഷേധിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികൾക്ക് ആധാരമായ രേഖകൾ കുടുംബത്തോട് ഇ ഡി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ കുടുംബത്തിന്റെ നിർദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകൻ സംസാരിച്ചു. തർക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.