തിരുവനന്തപുരം: രേഖകളിൽ ഒപ്പിടാൻ എൻഫേഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചുവെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. 24 മണിക്കൂർ നീണ്ട ഇ.ഡിയുടെ റെയിഡിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് മാദ്ധ്യമപ്രവർത്തരോട് റെനീറ്റ പ്രതികരിച്ചത്. കിട്ടാത്ത എടിഎമ്മിന്റെ കാര്യം സ്‌റ്റേറ്റ്മെന്റിൽ ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, ബിനീഷ് തിരികെ എത്തണമെങ്കിൽ ഒപ്പിട്ടേ മതിയാകൂവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റെനീറ്റ ആരോപിച്ചു.
'എന്റെ കൈയിൽ നിന്ന് സ്‌റ്റേറ്റ്മെന്റായി വാങ്ങുമ്പോൾ എന്റെ അമ്മയുടെ ഐഫോൺ മാത്രമേ എടുത്തുകൊണ്ട് പോയിട്ടുള്ളൂ. തുടർന്ന് സ്‌റ്റേറ്റ്മെന്റ് ഒപ്പിടാൻ നേരത്ത് എടിഎം കാർഡ് കിട്ടിയതായി കൂടി ഒപ്പിടാൻ പറഞ്ഞു. അത് കാണാത്ത കാര്യമാണെന്നും, ഒപ്പിടാൻ കഴിയില്ലെന്നും ഞാൻ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഒപ്പിടാതെ ഇറങ്ങാൻ പോകുന്നില്ലെന്നും, ബിനീഷ് ഇനിയും കുടുങ്ങാൻ പോകുകയാണെന്നും അവർ പറഞ്ഞു. ഇവിടെ നിന്ന് അവർക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ഒപ്പിടാൻ പറഞ്ഞിട്ടായിരുന്നു മെന്റൽ ടോർച്ചറിംഗ്. ബിനീഷ് വരണമെന്നുണ്ടെങ്കിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എടിഎം കാർഡിൽ മുഹമ്മദ് അനൂപ് എന്നാണ് എഴുതിയിരുന്നത്. ഭർത്താവ് ശനിയാഴ്ച വരണമെന്നുണ്ടെങ്കിൽ നിങ്ങൾ ഒപ്പിടൂ എന്ന് അവർ എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു-റെനീറ്റയുടെ വാക്കുകൾ.
ബിനീഷ് ഒരു ബോസുമല്ല ഡോണും അല്ലെന്ന് റെനീറ്റ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനീഷ് ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രമേയുള്ളൂവെന്നും മറ്റൊരിടപാടും ബിനീഷിനില്ലെന്നും റെനീറ്റ പ്രതികരിച്ചു.