ന്യൂഡൽഹി : ലഡാക്കിൽ ശത്രു സൈന്യത്തിന്റെ ബലത്തിനെക്കാളും പ്രതികൂല കാലാവസ്ഥയാണ് സൈനികർക്ക് ഭീഷണിയാവുന്നത്. അനുനയ ചർച്ചകൾ ഫലം കാണാനാവാത്തതോടെ മാസങ്ങളായി മുഖാമുഖം തുടരുന്ന ഇന്ത്യ ചൈന സൈനികർക്ക് ശീതകാലത്തും തത്സ്ഥിതി തുടരേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതേ തുടർന്നാണ് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങൾ ലഭ്യമാക്കണമെന്ന് സൈന്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ ഈ ആവശ്യത്തിന് പ്രത്യേക പരിഗണന നൽകിയ സർക്കാർ പറഞ്ഞ വാക്കു പാലിച്ച് തീവ്ര തണുപ്പിനെ പ്രതിരോധിക്കുന്ന പതിനായിരക്കണക്കിന് ജാക്കറ്റുകൾ ഇറക്കുമതി ചെയ്തു. വെളുത്ത അമേരിക്കൻ ജാക്കറ്റും ധരിച്ച് അത്യാധുനിക അസാൾട്ട് റൈഫിളുമേന്തിയുള്ള ഇന്ത്യൻ സൈനികന്റെ ചിത്രം കഴിഞ്ഞ ദിവസം ദേശീയ വാർത്ത ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടു.
അമേരിക്കയിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യ ആവശ്യപ്പെട്ട വസ്ത്രങ്ങളുടെ ആദ്യ ബാച്ച് എത്തിയത്. നിലവിൽ ലഡാക്കിൽ കൊടും ശൈത്യത്തിനെ പ്രതിരോധിക്കുന്നതിനായി 60000 സൈനികർക്ക് ആവശ്യമായ ജാക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. സിയാച്ചിനിലും, കിഴക്കൻ ലഡാക്ക് മേഖലയിലും വിന്യസിക്കുന്ന സൈനികർക്കാണ് ഈ ജാക്കറ്റിന്റെ ആവശ്യമുള്ളത്. സൈന്യത്തിന് ഇനിയും മുപ്പതിനായിരത്തോളം ജാക്കറ്റുകൾ കൂടി ആവശ്യമായിട്ടുണ്ട്. ഇതും ഉടനടി അമേരിക്കയിൽ നിന്നും എത്തിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായതിന്റെ ഫലം കൂടിയാണ് ഇന്ത്യയുടെ ആവശ്യം ഉടൻ നിറവേറ്റാൻ അമേരിക്ക തയ്യാറായത്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പൂർണ പിന്തുണ നൽകിയിരുന്നു. ഇവരുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സൈനികരുടെ വസ്ത്രങ്ങളെത്തിയതെന്നതും ശ്രദ്ധേയമാണ്. ഗൽവാനിലെ ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങളും പതിനായിരക്കണക്കിന് സൈനികരെയാണ് മുഖാമുഖം അണിനിരത്തിയിരിക്കുന്നത്. ടാങ്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഉയർന്ന പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട്.