pinarayi-vijayan

തിരുവനന്തപുരം: എ കെ ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പങ്കെടുക്കുന്ന സി പി എം നേതാക്കളുടെ അടിയന്തര യോഗം നടക്കുന്നു. ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവർ കൂടിക്കാഴ്‌ച നടത്തുന്നത്. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

എൽ ഡി എഫിലെ മറ്റ് കക്ഷി നേതാക്കളും എ കെ ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് അൽപ്പം മുമ്പാണ് അവസാനിച്ചത്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും സി പി എമ്മിന് കടുത്ത തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ പാർട്ടിയുമായും സർക്കാരുമായും ബന്ധപ്പെട്ടവർക്കിടയിൽ അന്വേഷണം വേഗത്തിലാക്കുന്നതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരുന്നത്.