വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വലിയ വിവാദങ്ങളിലൂടെ കടന്നുപോകുകയാണല്ലോ. റിപബ്ളിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും വിജയിച്ചു എന്ന് സ്വയം പ്രഖ്യാപിക്കുകയും രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കൊണ്ടുപോകുകയും ചെയ്യുകയാണ്. ഈ സമയം തിരഞ്ഞെടുപ്പിൽ പങ്കെടുത്തവർക്ക് പ്രയാസമായി മറ്റൊരു പ്രശ്‌നമുണ്ടായി. അമേരിക്കൻ സംസ്ഥാനമായ ലോവയിൽ വോട്ടിടലിനിടെ വിചിത്രമായൊരു ആശയക്കുഴപ്പമുണ്ടായി.
വോട്ട് രേഖപ്പെടുത്തേണ്ട ബാലറ്റ് സ്‌കാനർ ഇടയ്‌ക്ക് പണിമുടക്കി. ഇതിലെന്താ ഇത്ര പുതുമ നമ്മുടെ രാജ്യത്ത് വോട്ടിംഗ് മെഷീൻ തിരഞ്ഞെടുപ്പിനിടെ പണിമുടക്കാറില്ലേ എന്ന് ചോദ്യം ഉന്നയിക്കാം. പക്ഷെ ബാലറ്റ് സ്‌കാനർ വെറുതേ കേടായതല്ല. ഓരോ തവണ വോട്ട് ചെയ്യാൻ വരുന്നവരുടെയും കൈയിലെ സാനിറ്റൈസറിന്റെ ഈർപ്പം ഏറ്റാണ് സ്‌കാനർ പണിമുടക്കിയത്. അതുകാരണം ഒരുമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. സംഭവത്തിന് അധികൃതർ ഉടൻ തന്നെ വഴി കണ്ടെത്തി. സാനിറ്റൈസർ യന്ത്രം വോട്ടിംഗ് മെഷീൻ സ്ഥിതി ചെയ്യുന്നതിന് അടുത്ത് നിന്നും അൽപം ദൂരേക്ക് മാറ്റി. ഇതോടെ കൈയിൽ പുരട്ടുന്ന സൈനിറ്റൈസർ ഉണങ്ങിയ ശേഷം വോട്ട് ചെയ്യാൻ ജനങ്ങൾക്കായി അതോടെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. 95,70,000ത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2.34 ലക്ഷം പേർ മരണമടയുകയും ചെയ്‌ത അമേരിക്കയിൽ കനത്ത കൊവിഡ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തങ്ങളിരുവരും വിജയിച്ചതായി ജോ ബൈഡനും ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചെങ്കിലും അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല. 264 വോട്ട് ജോ ബൈഡൻ നേടിയപ്പോൾ 214 വോട്ട് ട്രംപിന് ലഭിച്ചു. ആറ് ഇലക്‌ടറൽ വോട്ട് കൂടി ലഭിച്ചാൽ ജോ ബൈഡൻ അമേരിക്കയുടെ 46ആമത് പ്രസിഡന്റായി മാറും.