അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുമ്പ് വയനാടൻ കാടുകളിൽ നിന്ന് വീണ്ടും വെടിയൊച്ചകളുയരുന്നു. പടിഞ്ഞാറത്തറയിലെ വാളാരംകുന്നിൽ നടന്ന പൊലീസ് വെടിവെയ്‌പ്പിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടിരിക്കുന്നു, തമിഴ്നാട് തേനി സ്വദേശിയായ വേൽമുരുകൻ (33). ഇടതുസർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തു നടന്ന മാവോയിസ്റ്റ് വേട്ടകളുടെ ഏറ്റവും ഒടുവിലെത്തെ ഇരയാണയാൾ.
2016 നവംബർ 24ന് നിലമ്പൂരായിരുന്നു ആദ്യ ഏറ്റുമുട്ടൽ നടന്നത്, ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. മൂന്നുവർഷത്തിന് ശേഷം വയനാട് വൈത്തിരിയിലും 2019 ഒക്ടോബർ 28, 29 തീയതികളിലായി അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയിൽ നിന്നും കേരളം വെടിയൊച്ചകൾ കേട്ടു. വാളാരംകുന്നിലേതുൾപ്പെടെ നാല് ഏറ്റുമുട്ടലുകളിലായി മനസിൽ മാവോയിസ്റ്റ് ആശയങ്ങളുണ്ടായിരുന്ന എട്ട് ജീവനുകളാണ് പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും വെടിയുണ്ടകളാൽ തീർന്നുപോയത്.
കേരളത്തിന്റെ ക്രമസമാധാന നിലയ്ക്കോ ജനങ്ങളുടെ സ്വൈര്യജീവിതത്തിനോ ഇന്നേവരെ ഒരു വെല്ലുവിളിയാകാത്ത നാമമാത്രമായ ഒരു കൂട്ടം ആളുകളെ, അവരുടെ ആശയങ്ങളെ, കേവല സാന്നിദ്ധ്യത്തിന്റെ പേരിൽ വെടിവെച്ച് വീഴ്ത്തുന്നതിലെ യുക്തി മനസിലാകുന്നില്ല. ജനാധിപത്യ പുരോഗമന സമൂഹത്തിന് ഇത്തരം പ്രവർത്തനങ്ങൾ ഒട്ടും യോജിക്കുന്നതുമല്ല.
നിലമ്പൂരിലെ വെടിവെപ്പിൽ അജിതയും കുപ്പുദേവരാജനും കൊല്ലപ്പെട്ടപ്പോൾ തന്നെ അതൊരു വ്യാജഏറ്റുമുട്ടലാണെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് സാധൂകരിക്കുന്ന തെളിവുകളും പിന്നീടെത്തി. ഇതിന് സമാനമായിരുന്നു വൈത്തിരിയിലും നടന്നത്. സി.പി.ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന ഫോറിൻസിക് റിപ്പോർട്ട് പൊലീസിന്റേത് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണമായിരുന്നു എന്നതിന്റെ തെളിവാണ്. പക്ഷേ, കഴിഞ്ഞ മാസം കോടതിയിൽ സമർപ്പിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് ക്ലീൻ ചിറ്റാണ് നൽകിയിട്ടുള്ളത്. ഫോറൻസിക് - ബാലിസ്റ്റിക് റിപ്പോർട്ടും പൊലീസിന്റെ വാദവും തമ്മിലെ വൈരുദ്ധ്യം റിപ്പോർട്ടിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടുമില്ല. വൈത്തിരിക്ക് പിന്നാലെ അട്ടപ്പാടി ഏറ്റുമുട്ടലിലും മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും കോടതിയിൽ സമർപ്പിക്കാൻ കാലതാമസമുണ്ടാകുന്നത് അട്ടിമറിയുടെ സൂചനയാണ്.
ഏറ്റുമുട്ടലുകളെല്ലാം ഒരേപോലെ
നിലമ്പൂർ, വൈത്തിരി, മഞ്ചിക്കണ്ടി സംഭവങ്ങളിലെ സാമ്യതകൾ തന്നെയാണ് ഇതെല്ലാം വ്യാജ ഏറ്റുമുട്ടലുകൾ ആണെന്നതിലേക്ക് വിരൽചൂണ്ടുന്നത്. വനത്തിനുള്ളിൽ വച്ച് തങ്ങളെ കണ്ട മാവോയിസ്റ്റുകൾ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു എന്നാണ് എല്ലാ കേസിലും പൊലീസ് ഭാഷ്യം. വനത്തിലുള്ളിൽ ആയുധ പരിശീലനം നടത്തുന്നവരാണ് മാവോയിസ്റ്റുകൾ, ഇവരിൽ ഷാർപ്പ് ഷൂട്ടർമാരുണ്ടെന്ന് ആഭ്യന്തരവകുപ്പ് പറയുമ്പോഴും ഈ ഏറ്റുമുട്ടലുകളിൽ പങ്കെടുത്ത പൊലീസുകാർക്കും തണ്ടർബോൾട്ട് സേനാംഗങ്ങളിൽ ഒരാൾക്കുപോലും ചെറിയ പരിക്കുകൾ പോലും ഉണ്ടായിട്ടില്ലെന്നത് അവിശ്വസനീയമാണ്.
നിലമ്പൂരിലും അട്ടപ്പാടിയിലും വനത്തിനുള്ളിൽ ഏറ്റുമുട്ടൽ നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. മഞ്ചിക്കണ്ടിയിലെ വനത്തിനുള്ളിൽ രണ്ടുദിവസം മാത്രം പഴക്കം തോന്നിക്കുന്ന ഒരു കുടിലും ഭക്ഷണാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. പ്രദേശത്തെ ഒരു മരത്തിൽ ചെറിയ പോറലുണ്ടായിരുന്നു, എന്നാൽ ഇത് വെടിയുണ്ട കൊണ്ടതാണോ എന്നുറപ്പിക്കാനും കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളിൽ നിന്ന് പിടികൂടിയ ആയുധങ്ങളിൽ പലതും കാലപ്പഴക്കം ചെന്നതായിരുന്നു. 303 റൈഫിളുകളാണ്പലതും. കാര്യക്ഷമത കുറഞ്ഞതിനാൽ പൊലീസ് സേന തന്നെ ഇത്തരം ആയുധങ്ങൾ ഉപേക്ഷിച്ച അവസ്ഥയിലാണ്. മാത്രമല്ല ഇതുപയോഗിച്ച് തുടർച്ചയായി വെടിയുതിർക്കുക സാദ്ധ്യമല്ല.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ ഇവരിൽ ഭൂരിഭാഗവും മരിച്ചത് തലയ്ക്ക് പിന്നിൽ വെടിയേറ്റിട്ടാണ്, അതുംക്ലോസ് റേഞ്ചിൽ. കൂടാതെ മുഖത്തും ദേഹത്തും പലതരത്തിലുള്ള മുറിവുകളുമുണ്ടായിരുന്നതായും മൃതദേഹം തിരിച്ചറിയാനെത്തിയ അവരുടെ ബന്ധുക്കൾ അന്ന് വ്യക്തമാക്കിയിരുന്നു. നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പുദേവരാജും അജിതയും ശാരീരിക അവശതയുള്ളവരായിരുന്നു. അതിനാൽ തന്നെ പൊലീസിന് നേരെ നീണ്ടനേരം വെടിവെയ്‌ക്കാനോ പ്രത്യാക്രമണം നടത്താനോ ശേഷിയുള്ളവരായിരുന്നില്ല. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മണിവാസകത്തിനും ശാരീരിക അവശതകൾ ഉണ്ടായിരുന്നു.
മഞ്ചിക്കണ്ടിയിൽ ഒളിച്ചുകളി
2019 ഒക്ടോബർ 28നാണ് ആദ്യഏറ്റുമുട്ടൽ നടക്കുന്നത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെടുകയും മണിവാസകം എന്നയാൾ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അരവിന്ദ്, കാർത്തിക്, രമ എന്നിവരാണ് മരിച്ചത്. അടുത്തദിവസം രാവിലെ എട്ടരയോടെ വനത്തിനുള്ളിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥർ, ഓരോ മൃതദേഹത്തിനുമുള്ള ഇൻക്വസ്റ്റ് സാക്ഷികൾ എന്നിവർക്ക് നേരെ വനത്തിനുള്ളിൽവച്ച് മണിവാസകം വെടിയുതിർക്കുകയായിരുന്നു. നൂറോളം ആളുകളിൽ ഒരാൾക്കുപോലും അപ്രതീക്ഷിതമായ വെടിവെയ്പ്പിൽ പരിക്കേറ്റിട്ടില്ല. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ മണിവാസകം കൊല്ലപ്പെടുകയായിരുന്നു.
ആദ്യദിവസം മൂന്നുപേരാണ് കൊല്ലപ്പെട്ടത്, പക്ഷേ, ഇൻക്വസ്റ്റ് നടപടികൾക്കായി വനത്തിലേക്ക് പോകുന്ന പൊലീസ് നാല് പ്ലാസ്റ്റിക് ക്യാരി ബാഗാണ് കൊണ്ടുപോയത്. ആദ്യദിവസം മുതൽ പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിട്ടിരുന്നില്ല. ശേഷം ജനപ്രതിനിധികൾ വനമേഖല സന്ദർശിച്ചപ്പോഴാണ് വ്യാജ ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മജിസ്റ്റീരിയിൽ അന്വേഷണം പൂർത്തിയായില്ല
മേലേ മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിന് ഒരാണ്ട് തികയുമ്പോഴും സംഭവത്തിന്റെ ദുരൂഹത നീങ്ങിയിട്ടില്ല. ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിൽ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിട്ടില്ല. രണ്ടുദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടൽ പ്രത്യേകമായാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
2019 നവംബർ ആറിനാണ് അന്വേഷണത്തിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചില്ല. തുടർന്നു ഫെബ്രുവരി ആറാം തീയതിയും, ഏപ്രിൽ ആറാം തീയതിയും സമയം നീട്ടിനൽകി. ഇതിനിടെ മെറ്റീരിയൽ ഒബ്‌ജക്ടുകളുടെ ബാലിസ്റ്റിക് റിപ്പോർട്ട് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ ലഭിച്ചെങ്കിലും റിപ്പോർട്ട് അപൂർണമായിരുന്നതിനാൽ തിരിച്ചയച്ചു. ബാലിസ്റ്റിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു കലക്ടർ അറിയിച്ചതിനെ തുടർന്നാണ് കാലാവധി വീണ്ടും നീട്ടിയത്.
ഭവാനിദളം കമാൻഡറും മുതിർന്ന നേതാവുമായ മണിവാസകം, അരവിന്ദ്, കാർത്തി, രമ എന്നിവരാണ് കഴിഞ്ഞവർഷം അട്ടപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എന്നാൽ, ഈ പേരുകളിൽ തന്നെ ഏകാഭിപ്രായത്തിലെത്താൻ കേരള, തമിഴ്നാട്, കർണടകാ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.