sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എൻഫോഴ്‌സ്‌മെന്റ്‌ കസ്റ്റഡി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്‌റ്റഡി നീട്ടിയത്. ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലയളവിൽ തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.

സർക്കാർ പദ്ധതികളുടെ വിവരങ്ങൾ സ്വപ്‌നയ്‌ക്ക് നൽകിയതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങളാണ് കൈമാറിയത്. വാട്‌സാപ്പ് ചാറ്റിലൂടെയായിരുന്നു കൈമാറ്റമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളാണ് ലൈഫ് മിഷൻ അടക്കമുളള പദ്ധതികളിൽ ഇടപ്പെട്ടിരിക്കുന്നത്. ശിവശങ്കർ നൽകിയ പല പദ്ധതികളുടെയും വിവരം സ്വപ്‌ന യൂണിടാക്ക് അടക്കമുളള കമ്പനികൾക്ക് നൽകി. ഇത്തരത്തിലാണ് സ്വപ്‌നയ്‌ക്ക് കമ്മീഷൻ കിട്ടിയതെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ലൈഫ് മിഷൻ കേസ് എൻഫോഴ്സ്‌മെന്റിന് അന്വേഷിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ വിവാദങ്ങളും ഇ‍ ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.

സ്വർണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

ഖാലിദുമായുളള അടുപ്പം ആദ്യഘട്ടത്തിൽ ശിവശങ്കർ മറച്ചു വച്ചുവെന്നും യൂണിടാക്കിൽ നിന്നും കമ്മീഷൻ വാങ്ങിയത് ഖാലിദായിരുന്നുവെന്നും ഇ ഡി പറയുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശിവശങ്കർ ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് ഇ ഡിയുടെ നിലപാട്.

നാളെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. ഐ ടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് രവീന്ദ്രനെ മൊഴിയെടുക്കാൻ എൻഫോഴ്സ്‌മെന്റ് വിളിപ്പിച്ചിരിക്കുന്നത്.

പല ഇടപാടുകളിലും രവീന്ദ്രന്റെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവുവിനോടും നാളെ കൊച്ചിയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി മോഡലിൽ ലൈഫ് മിഷൻ കരാർ അദിത്യയ്ക്ക് ലഭിച്ചിരുന്നു. സ്വപ്നയെ ഇടനിലക്കാരിയാക്കിയാണ് ഈ കരാറും നൽകിയത്.