തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂർ നീണ്ട എൻഫോഴ്സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞത് ഏറെ നാടകീയ സംഭവങ്ങൾക്ക് കാരണമായിരുന്നു. ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളിൽ ഇഡി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വീടിന് പുറത്തേയ്ക്ക് വന്ന ബിനീഷിന്റെ ബന്ധുക്കളുടെ വാക്കുകൾക്കായി മാദ്ധ്യമങ്ങൾ തിക്കിതിരക്കുകയും ചെയ്തു. ഇതിനെ പരിഹാസത്തോടെ ഫേസ്ബുക്കിൽ എഴുതി വി ടി ബൽറാം.
ഇഡിയുടെ റെയ്ഡിനെ പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? എന്നാണ് വിടി ബൽറാം ചോദിക്കുന്നത്. കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുതെന്ന് പരിഹസിക്കുന്ന എം എൽ എ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?