തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സി പി എം കേരളത്തിൽ ഇപ്പോൾ കടന്നുപോകുന്നത്. അഴിമതിയും കള്ളക്കടത്തും ഇടത് സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ തിരുത്തേണ്ട ചുമതലയുള്ള പാർട്ടിയുടെ തലമുതിർന്ന നേതാവ് മകന്റെ മയക്കുമരുന്ന്, ബിനാമി ഇടപാടുകളിൽ മുഖം നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. ഈ അവസരത്തിൽ സി പി എമ്മിൽ ഒരു തിരുത്തൽ ശക്തിയായ ദശാബ്ദങ്ങൾ ശബ്ദമുയർത്തിയ വി എസ് അച്യുതാനന്ദനെകുറിച്ച് എഴുതുകയാണ് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ.
പാർട്ടിയ്ക്കുള്ളിലെ കോർപ്പറേറ്റ് മാഫിയാ ഏജന്റുമാർക്കെതിരായ അദ്ദേഹത്തിന്റെ ഉൾപാർട്ടി സമരങ്ങളെ വിഭാഗീയതയുടെ പേരുപറഞ്ഞ് വെട്ടിനിരത്തിയെങ്കിലും ആരോഗ്യമുള്ളിടത്തോളം കാലം അദ്ദേഹം ആ പോരാട്ടം തുടർന്നിരുന്നുവെന്ന് ഷിബു പറയുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി സിപിഎമ്മിനുള്ളിൽ കാര്യമായ സ്വാധീനം ചെലുത്താനാകാത്തവിധം അദ്ദേഹം ചിത്രത്തിൽ നിന്നും പുറത്തായശേഷമാണ് സി പി എം ഇന്ന് കാണുന്ന പടുകുഴിയിലേക്ക് വീണതെന്ന അഭിപ്രായമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഷിബു ബേബിജോൺ കുറിക്കുന്നത്. രാഷ്ട്രീയമായി പല സന്ദർഭങ്ങളിലും എതിർത്തിട്ടുണ്ടെങ്കിലും ഇത്രയുംകാലം സിപിഎമ്മിനുള്ളിലെ തിരുത്തൽശക്തിയായി നിലകൊണ്ടതിന് വി എസിന് ബിഗ് സല്യൂട്ട് നൽകിയാണ് അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ CPM ഇന്ന് അതിൻ്റെ നിലനിൽപ്പിനായി പോരാടേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ലൈഫ് ഭവനപദ്ധതിയിൽ വൻക്രമക്കേട് കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ്. ഈ അഴിമതിയിൽ വെട്ടിച്ച പണം കൊണ്ട് എത്ര പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാനാകുമെന്ന വസ്തുത പോലും മുഖ്യമന്ത്രി പരിഗണിച്ചില്ല. ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ആ അഴിമതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് തന്നെ കണ്ടെത്തുമ്പോൾ ഈ ഭരണത്തിൻകീഴിൽ അഴിമതി എത്രത്തോളം സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വെളിവാകുകയാണ്.
സിപിഎമ്മിൻ്റെ കള്ളക്കടത്ത് ബന്ധം, ലഹരി മാഫിയ ബന്ധം, അഴിമതി, സ്വജനപക്ഷപാതം, വർഗീയവൽക്കരണം എന്നിങ്ങനെ കേരളത്തിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ലജ്ജ തോന്നുന്ന വിധത്തിലുള്ള വാർത്തകളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലാദ്യമായി CPM സംസ്ഥാനസെക്രട്ടറിയുടെ വീട്ടിൽ വരെ റെയ്ഡ് നടക്കുന്ന സഹചര്യമുണ്ടായി. ഇതിൽനിന്നൊക്കെ ഒഴിഞ്ഞുമാറാൻ വേണ്ടി മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്ക് നേരേ ആക്രോശിച്ചിട്ടും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന മുന്നണി അധികാരത്തിലിരിക്കുമ്പോൾ മാവോയിസ്റ്റ് വേട്ട എന്നപേരിൽ എട്ടാമത്തെ ഭരണകൂട കൊലപാതകമാണ് കഴിഞ്ഞദിവസം വയനാട്ടിൽ നടന്നത്. ഇത്തരത്തിലുള്ള പാർട്ടിക്കുള്ളിലെ തീവ്രവലതുവൽക്കരണങ്ങൾക്കെതിരെ
സ്വയം തിരുത്തലുകൾക്ക് തയ്യാറാകുകയാണ് CPM ചെയ്യേണ്ടത്. എവിടെയൊക്കെയാണ് വീഴ്ച്ചകൾ സംഭവിച്ചതെന്ന് വിലയിരുത്തി ശക്തമായ തിരുത്തൽ നടപടികൾ കൈകൊള്ളേണ്ടതുണ്ട്.
ഈ സന്ദർഭത്തിലാണ് ഞാൻ വി.എസ് അച്യുതാനന്ദനെ ഓർക്കുന്നത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോടും പല നിലപാടുകളോടും വ്യക്തമായ വിയോജിപ്പ് പല സന്ദർഭങ്ങളിലും പ്രകടിപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഒരുകാര്യം അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ല. CPM എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഇത്തരം വിരുദ്ധശക്തികൾ പിടിമുറുക്കി തുടങ്ങിയ കാലത്ത് അദ്ദേഹം നടത്തിയ പോരാട്ടത്തിൻ്റെ പ്രസക്തി ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. പാർട്ടിയ്ക്കുള്ളിലെ കോർപ്പറേറ്റ് - മാഫിയാ ഏജൻ്റുമാർക്കെതിരായ അദ്ദേഹത്തിൻ്റെ ഉൾപാർട്ടി സമരങ്ങളെ വിഭാഗിയതയുടെ പേരുപറഞ്ഞ് വെട്ടിനിരത്തിയെങ്കിലും ആരോഗ്യമുള്ളിടത്തോളം കാലം അദ്ദേഹം ആ പോരാട്ടം തുടർന്നു. കഴിഞ്ഞ നാല് വർഷമായി സിപിഎമ്മിനുള്ളിൽ കാര്യമായ സ്വാധീനം ചെലുത്താനാകാത്തവിധം അദ്ദേഹം ചിത്രത്തിൽ നിന്നും പുറത്തായശേഷമാണ് സിപിഎം ഇന്ന് കാണുന്ന പടുകുഴിയിലേക്ക് വീണത്, അല്ലെങ്കിൽ ചില നേതാക്കൾ വീഴ്ത്തിയത്.
ഇത്രയുംകാലം സിപിഎമ്മിനുള്ളിലെ തിരുത്തൽശക്തിയായി നിലകൊണ്ടതിന് ഈ അവസരത്തിൽ വി.എസിന്
ബിഗ് സല്യൂട്ട്.