surenddran

ന്യൂഡൽഹി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുന്ന അവസരത്തിൽ പടലപ്പിണക്കങ്ങളിലും ഗ്രൂപ്പിസത്തിലും പൊറുതിമുട്ടി ബി ജെ പി കേരളഘടകം. മുൻപ് കോൺഗ്രസിൽ കാണുന്ന തരത്തിലുള്ള പരസ്യമായ വിഴുപ്പലക്കലാണ് ഇപ്പോൾ ബി ജെ പിയിലും സംഭവിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവർ ഇപ്പോൾ പരാതിയുമായി കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചിരിക്കുകയാണ്. ദേശീയ അദ്ധ്യക്ഷനായ നഡ്ഡയ്ക്കും, ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള മുതിർന്ന നേതാക്കളെയുമാണ് പരാതിയുമായി സമീപിച്ചിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് ഇതിന്റെ ഭാഗമായി നൽകി.

സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയിൽ പറയുന്നത്. കേരളത്തിൽ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നതെന്നും ഇങ്ങനെ പോയാൽ വരുന്ന തിരഞ്ഞെടുപ്പിൽ വൻ നഷ്ടം പാർട്ടിക്കുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 70 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പ്രാതിനിധ്യം ഉറപ്പിക്കാനാവുന്ന അവസ്ഥയുണ്ടെന്നും എന്നാൽ എല്ലാവരെയും ഒരുപോലെ കൊണ്ടുപോയില്ലെങ്കിൽ ഈ നേട്ടം നേടാൻ കഴിയില്ലെന്ന ഓർമ്മപ്പെടുത്തലും കേന്ദ്രത്തിനയച്ച കത്തിലുണ്ട്.

എന്നാൽ ഇപ്പോൾ കേരളത്തിൽ ഏതാനും നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പരസ്യ പ്രതികരണത്തിൽ കേന്ദ്ര നേതൃത്വത്തിന് ഒട്ടും തൃപ്തിയില്ല. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമാണ് കേരളത്തിൽ അടുത്തിടെ സുരേന്ദ്രനെ അദ്ധ്യക്ഷനാക്കിയത്. ഇതിന് ശേഷം മുഖ്യ പ്രതിപക്ഷത്തിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് കേരളത്തിൽ ബി ജെ പി നടത്തിയത്. സ്വപ്ന ഉൾപ്പെട്ട സ്വർണ കള്ളക്കടത്തിലടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ പത്രസമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ നടത്തിയിരുന്നു.