ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസ് നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ കത്ത് നൽകി. രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്‌ച കൂടുതൽ സമയം വേണമെന്നാണ് വീണ്ടും സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻപ് ഒക്‌ടോബർ 8ന് കേസ് വാദം കേട്ടപ്പോൾ പ്രതികളെ രണ്ട് കോടതികൾ വെറുതെവിട്ട സംഭവമുളളതിനാൽ വിശദമായ കുറിപ്പ് ഹാജരാക്കാൻ കേസ് പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ കുറിപ്പ് നൽകിയ സി.ബി.ഐ കേസിലെ രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം നൽകണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നു. ദസറ അവധിക്ക് ശേഷം ഇന്ന് കേസ് പരിഗണിക്കവേയാണ് രണ്ടാഴ്‌ച സമയം കൂടി സി.ബി.ഐ തേടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിന്നും 2017ൽ ഹൈക്കോടതി ഒഴിവാക്കിയതിനെ തുടർന്നാണ് വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയൻ, എ.ഫ്രാൻസിസ്, കെ.മോഹനചന്ദ്രൻ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. തങ്ങളെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ പ്രതിസ്ഥാനത്തുളള കസ്‌തൂരി രങ്ക അയ്യർ,ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവരും കോടതിയിൽ ഹർജി നൽകിയിരുന്നു.