aganist-trump

അമേരിക്കയിലെ പ്രമുഖ വിഷ്വൽ ജേർണലിസ്റ്റ് ആയ ചാൾസ് ആപ്പിൾ കേരളകൗമുദിക്ക് വേണ്ടി ചോദ്യോത്തര മാതൃകയിൽ എഴുതുന്നു

ബൈഡന് അനുകൂലമായ ഘടകങ്ങൾ എന്തെല്ലാം?​

ഡൊണാൾഡ് ട്രംപിനെ അന്ധമായി പിന്തുണയ്‌ക്കുന്ന വലിയൊരു വിഭാഗം ഉണ്ടെങ്കിലും ഭൂരിപക്ഷം അമേരിക്കക്കാരും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും അസംതൃപ്തരായിരുന്നു. വ്യക്തിയായും ഭരണകർത്താവായും പാലിക്കേണ്ട മര്യാദകളും നീതിബോധവും അദ്ദേഹം കാട്ടിയില്ല. പിന്നെ നിരന്തരം പറയുന്ന കള്ളങ്ങളും. ഇത്തവണത്തെ റെക്കാഡ് പോളിംഗ് ട്രംപിന്റെ നാല് വർഷത്തെ ഭരണത്തിന്റെ ഹിതപരിശോധനയാണ്. മാർജിൻ കുറഞ്ഞുപോയി. ട്രംപിന് അമേരിക്കൻ ജനത ഇതിനേക്കാൾ ശക്തമായ പ്രഹരം നൽകേണ്ടതായിരുന്നു.

ട്രംപിനെതിരായ ഘടകങ്ങൾ എന്തൊക്കെ?​

നാലുവർഷത്തെ ഭരണം തന്നെ പ്രധാന ഘടകം. അസംതൃപ്തരായ അമേരിക്കക്കാരുടെ വിപ്ലവമാണ് ഈ തിരഞ്ഞെടുപ്പ്. ട്രംപിനെ വോട്ട് ചെയ്‌ത് പുറത്താക്കാൻ അമേരിക്കൻ ജനത കൂട്ടത്തോടെ രംഗത്തിറങ്ങി. ട്രംപിനെ നിലനിറുത്താൻ അദ്ദേഹത്തിന്റെ അനുയായികളും ശക്തിയോടെ രംഗത്തിറങ്ങി. അതിന്റെ ഫലമാണ് റെക്കാഡ് പോളിംഗ്. അമേരിക്കക്കാർ വോട്ട് ചെയ്യാൻ മടിയുള്ള ജനതയാണെന്ന് കുപ്രസിദ്ധമാണ്

ട്രംപ് അമേരിക്കൻ സമൂഹത്തിന് വരുത്തിയ ദോഷങ്ങൾ കുറച്ചൊന്നുമല്ല.​
അമേരിക്കയുടെ ഏറ്റവും വലിയ അപകടം ട്രംപും അദ്ദേഹത്തിന്റെ ഭരണവും തന്നെയാണ്. ഇന്ന് പ്രബലമായ പല ദൂഷ്യങ്ങളും ട്രംപിന്റെ സൃഷ്‌ടിയാണ്. കുടിയേറ്റ വിരുദ്ധ മനോഭാവം,​ കറുത്ത വർഗക്കാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള വിരോധം, ​വെള്ളക്കാരന്റെ മേൽക്കോയ്‌മ,​ ശാസ്‌ത്രത്തോടും ശാസ്‌ത്രജ്ഞരോടുമുള്ള നിഷേധം,​ നിയമവാഴ്ചയോടുള്ള അനാദരവ്,​ നികുതിദായകരുടെ ചെലവിൽ സമ്പത്തുണ്ടാക്കാനുള്ള വ്യഗ്രത ഇതെല്ലാം ട്രംപിന്റെ ഭരണകാലത്ത് രൂക്ഷമായി. ഇതെല്ലാം പതിറ്റാണ്ടുകളായി അമേരിക്കയിൽ രൂക്ഷമായി വരികയാണ്. ഒരർത്ഥത്തിൽ അതിന്റെ സൃഷ്‌ടി തന്നെയാണ് ട്രംപും. അദ്ദേഹത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ വോട്ടർമാരിൽ ധ്രുവീകരണമുണ്ടാക്കി. കറുത്തവർക്കിടയിൽ മാത്രമല്ല വെളുത്തവർക്കിടയിലും ധ്രുവീകരണം സംഭവിച്ചു. മാത്രമല്ല,​ വെളുത്ത അമേരിക്കക്കാരൻ ആദ്യം (വൈറ്റ് അമേരിക്കൻസ് ഫസ്റ്റ് )​ എന്ന മനോഭാവവും ശക്തമാക്കി.

ഫെഡറൽ കോടതി തിരഞ്ഞെടുപ്പിൽ ഇടപെടുമോ?​


കോടതിക്ക് മുന്നിൽ ഉന്നയിക്കുന്ന പ്രശ്നത്തെ ആശ്രയിച്ചിരിക്കും അത്. പെൻസിൽവേനിയയിലെ വോട്ടെണ്ണൽ നി‍റുത്തണമെന്നാണ് ട്രംപിന്റെ നിയമവിദഗ്ദ്ധർ കോടതിയോട് ആവശ്യപ്പെട്ടത്. കോടതി ഇടപെടാൻ സാദ്ധ്യതയും ഇല്ല. ട്രംപ് അടുത്തിടെ സ്വന്തം ജഡ്‌ജിയെ സുപ്രീംകോടിയിൽ നിയമിച്ചിരുന്നു. അതോടെ സുപ്രീംകോടതിയിൽ യാഥാസ്ഥിതിക ജഡ്ജിമാർക്ക് ഭൂരിപക്ഷമായിട്ടുണ്ട്. കോടതി ഇടപെട്ടാൽ അത് രാഷ്‌ട്രീയ കാരണങ്ങളാലായിരിക്കും.

ചില സ്ഥലങ്ങളിൽ അവസാനനിമിഷം വോട്ടെടുപ്പ് നിയമങ്ങൾ മാറ്റിയതിനെതിരെ സുപ്രീംകോടതിയിൽ പോകാൻ സാദ്ധ്യതയുണ്ട്.
കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ ഏർപ്പെടുത്തിയ ഏ‌ർലി വോട്ടിംഗ് പ്രകാരമുള്ള ബാലറ്റുകൾ സമയം കഴിഞ്ഞും സ്വീകരിക്കാനാണ് നിയമങ്ങൾ മാറ്റിയത്.

ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാൽ ട്രംപിന്റെ കാലാവധി നീട്ടുമോ?​

പ്രഖ്യാപനം വളരെ വൈകാനിടയില്ല. അതിൽ കോടതി ഇടപെടുകയുമില്ല. ഏറിയാൽ ഒരാഴ്‌ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്റ് ഉണ്ടാവും. കോടതി ഇടപെട്ടാൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഒന്നോ രണ്ടോ ആഴ്‌ച മാറ്റിയെന്നിരിക്കാം. 2000ത്തിൽ 35 ദിവസം കഴിഞ്ഞാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇത്തവണ അങ്ങനെ സംഭവിക്കാൻ വഴിയില്ല.

തന്റെ ഭരണകാലാവധി നീട്ടുന്നതിനെ പറ്റി ട്രംപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2021 ജനുവരി 20ന് പുതിയ പ്രസിഡന്റിന്റെ കാലാവധി തു‌ടങ്ങും. അന്ന് ഒന്നുകിൽ ട്രംപ് രണ്ടാം തവണ അധികാരമേൽക്കണം. അല്ലെങ്കിൽ ബൈഡൻ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യണം. ട്രംപിന്റെ സാദ്ധ്യത മങ്ങിയിട്ടുണ്ട്.


സിറ്റിംഗ് പ്രസിഡന്റുമാർക്ക് രണ്ടാം ടേം അമേരിക്കൻ ജനത നൽകാറുണ്ട്. ട്രംപിന് അത് നൽകാതിരിക്കാൻ അമേരിക്കക്കാർ അത്രയേറെ അദ്ദേഹത്തെ വെറുക്കുന്നുണ്ടോ?​

നിരവധി അമേരിക്കക്കാർ ട്രംപിനെ വെറുക്കുന്നു. അനുയായികൾ അദ്ദേഹത്തെ സ്നേഹിക്കുന്നുമുണ്ട്. മിക്ക പ്രസിഡന്റ്മാർക്കും രണ്ടാം ടേം കിട്ടാറുണ്ട്. രണ്ടാം ടേമിനായുള്ള മത്സരത്തിൽ തോറ്റ അവസാനത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ലിയു. ബുഷ് (അച്ഛൻ ബുഷ്)​ ആണ്. 1992ൽ ബിൽ ക്ലിന്റൺ ആണ് അദ്ദേഹത്തെ തോൽപ്പിച്ചത്. അതിന് മുമ്പ് ജിമ്മി കാർട്ടറെ 1980ൽ റൊണാൾഡ് റെയ്‌ഗൻ തോൽപ്പിച്ചിട്ടുണ്ട്. 1976ൽ കാർട്ടർ ജയിച്ചതു തന്നെ ജറാൾഡ് ഫോർഡിനെ രണ്ടാം ടേമിനായുള്ള മത്സരത്തിൽ തറപറ്റിച്ചായിരുന്നു. ഫോർഡ് പ്രസിഡന്റ് ആയത് തിരഞ്ഞെടുപ്പിനെ നേരിടാതെയായിരുന്നു. ഇംപീച്ച്മെന്റിന്റെ നിഴലിൽ വൈസ് പ്രസിഡന്റ് സ്പൈറോ ആഗ്‌ന്യൂ രാജിവച്ചപ്പോൾ പ്രസിഡന്റ് നിക്സൺ വൈസ് പ്രസിഡന്റായി ഫോർഡിനെ നിയമിച്ചു. വാട്ടർഗേറ്റ് വിവാദത്തിൽ നിക്സൺ രാജിവച്ചപ്പോൾ ഫോർഡ് പ്രസിഡന്റാവുകയായിരുന്നു. കഴിഞ്ഞ അൻപത് വർഷത്തിനിടെ രണ്ടാം തവണ മത്സരിച്ച മൂന്ന് പ്രസിഡന്റ്മാർ പരാജയപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ അഞ്ച് പ്രസിഡന്റുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് - റിച്ചാ‌ർഡ് നിക്സൺ ( 1972 )​,​ റൊണാൾഡ് റെയ്ഗൻ (1984 )​,​ ബിൽ ക്ലിന്റൺ (1996 )​,​ ജോർജ് ഡബ്ലിയു. ബുഷ് (2004 )​ ബറാക് ഒബാമ ( 2012 )​ എന്നിവർ. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് 1944ൽ നാലാം തവണ തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി രണ്ട് ടേം ആക്കി പരിമിതപ്പെടുത്തി ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.