അവളുടെ കൈയിൽ രണ്ട് ആപ്പിൾ ഉണ്ടായിരുന്നു. വാത്സല്യനിധിയായ അമ്മ കുഞ്ഞുമോളുടെ സ്നേഹത്തെക്കുറിച്ചറിയാൻ വേണ്ടി ആ അഞ്ചുവയസുകാരിയോട് ചോദിച്ചു.
''ഒരാപ്പിൾ അമ്മയ്‌ക്ക് തരുമോ മോളേ?""
അവൾ ആ ചോദ്യം കേട്ട് കുഞ്ഞരിപ്പല്ലുകൾ കാട്ടി ഒന്നുചിരിച്ചു. എന്നിട്ട് രണ്ട് ആപ്പിളിലും കടിച്ച് രുചിച്ചു നോക്കി. അമ്മയ്‌ക്ക് അതുകണ്ടപ്പോൾ അസ്വസ്ഥത തോന്നി. താൻ ചോദിച്ചതുകൊണ്ട് ആപ്പിൾ തരാതിരിക്കാനുള്ള ഉപായമായിരിക്കും അതെന്ന് ആ അമ്മ കരുതി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. അവൾ കുസൃതിച്ചിരിയോടെ അമ്മയോട് പറഞ്ഞു.
'' അമ്മേ ഇതാ ഈ ആപ്പിളിനാണ് കൂടുതൽ മധുരം. അമ്മ ഇത് എടുത്തോളൂ.""
അവർ ആ മകളെ വാരിയെടുത്ത് ഉമ്മ കൊടുത്തു. ആ കുഞ്ഞുമനസിനെ മനസിലാക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ആ അമ്മ പരിതപിച്ചു. ഈ അമ്മയെപ്പോലെയാണ് നമ്മിൽ പലരും. മുൻവിധികളാണ് നമ്മെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്. അബദ്ധധാരണകളുടെയും തെറ്റിദ്ധാരണകളുടെയും തടവറയിലാണ് നാം കഴിയുന്നത്. ഒരു പ്രത്യേകസാഹചര്യത്തിൽ ഒരു വ്യക്തി എങ്ങനെ പെരുമാറുന്നു എന്നല്ലാതെ എന്തിന് അങ്ങനെ പെരുമാറുന്നു എന്ന് നാം ചിന്തിക്കാറില്ല.
അതുകൊണ്ട് വ്യക്തികളെയും സംഭവങ്ങളെയും സ്ഥാപനങ്ങളെയും വിലയിരുത്തുമ്പോൾ ആത്മനിഷ്ഠമായ തലത്തിൽ നിന്നുകൊണ്ടു മാത്രം ചെയ്യാൻ പാടില്ല. സമഗ്രമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്.
നമ്മുടെ കൺമുന്നിൽ കാണുന്ന കാര്യങ്ങളും കാതുകൾ കൊണ്ട് കേൾക്കുന്ന കാര്യങ്ങളും പലപ്പോഴും സത്യമായിക്കൊള്ളണമെന്നില്ല. നാം മനസിലാക്കുന്ന ശരികേടുകളിൽ മറ്റൊരു ശരി ഉണ്ടാവാം. അതുകൊണ്ട് മുൻവിധിയോടെ ഒന്നിനെയും സമീപിക്കാതിരിക്കുന്നതാണ് നല്ലത്.
ഒരു പുസ്‌തകത്തിന്റെ പുറംചട്ട കണ്ട് അതിന്റെ ഉള്ളടക്കത്തെ വിലയിരുത്തരുത്. നിർഭാഗ്യവശാൽ പലപ്പോഴും സംഭവിക്കുന്നത് അങ്ങനെയാണ്. പരസ്യങ്ങളുടെയും അലങ്കാരങ്ങളുടെയും പൊയ്‌കയിൽ ഏറിയാണ് വിപണിയിൽ പുസ്‌തകങ്ങൾ പോലും നിലനിൽക്കുന്നത്.
സുഹൃത്തുമൊത്ത് കോഫി കുടിക്കാൻ പോകുമ്പോൾ അയാൾ പണം കൊടുക്കുന്നത് അയാളുടെ വലിപ്പം കാണിക്കാൻ ആണെന്ന് കരുതരുത്. നമ്മോടുള്ള സൗഹൃദത്തെ അയാൾ വിലമതിക്കുന്നതുകൊണ്ടാണ് അങ്ങനെചെയ്യുന്നത്. കോഫിക്ക് പണം കൊടുത്ത് എന്നെ കൊച്ചാക്കി എന്നൊരു ധാരണ വേണ്ട. പണത്തേക്കാൾ ഉപരിയാണ് അയാൾക്ക് സൗഹൃദം.
സഹപ്രവർത്തകർ കൂടുതൽ സ്‌മാർട്ട് ആയി ജോലിചെയ്യുകയും അതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോൾ അതിൽ അസ്വസ്ഥമായിട്ടുകാര്യമില്ല. അയാൾ കൂടുതൽ ക്രിയാത്മകമായി ഉത്തരവാദിത്വം നിർവഹിക്കുന്നത് കൊണ്ടാണെന്ന് അംഗീകരിക്കാൻ മനസ് കാണിക്കുക.
വഴക്കിട്ടതിനുശേഷം ഒരു സുഹൃത്ത് മാപ്പുപറയുന്നുവെങ്കിൽ അത് അയാളുടെ ദൗർബല്യമോ തെറ്റോ ആണെന്നു കരുതരുത്. എല്ലാത്തിനും ഉപരിയായി സ്നേഹസൗഹൃദങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നത്. നമ്മോട് എപ്പോഴും ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നവരുണ്ടെങ്കിൽ അത് നമ്മളോടുള്ള ഇഷ്‌ടം കൊണ്ടാണെന്ന് അറിയുക. അവരെ ശല്യമായി കണക്കാക്കി അകറ്റി നിർത്താൻ ശ്രമിക്കരുത്.
വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ നമുക്ക് സന്ദേശങ്ങൾ അയക്കുന്ന ചങ്ങാതികൾ ഉണ്ടെങ്കിൽ അവർ അങ്ങനെ ചെയ്യുന്നത് അവർക്ക് മറ്റ് ജോലിയൊന്നും ഇല്ലാത്തതുകൊണ്ടല്ല. ഒരാൾ നമുക്ക് പ്രഭാതവന്ദനമോ ശുഭരാത്രിയോ അയക്കുന്നു എങ്കിൽ അവരുടെ ഓർമ്മയിൽ, മനസിൽ നമുക്കൊരിടം ഉണ്ടെന്ന് അറിയണം. നാം അയക്കുന്ന സന്ദേശങ്ങൾക്ക് ഒരാൾ മറുപടി അയക്കുന്നു എങ്കിൽ ആ വ്യക്തി നമ്മുടെ സൗഹൃദത്തെ വിലമതിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. നമ്മെക്കാൾ ചെറിയ ആൾ ആയതുകൊണ്ടല്ല.
പ്രതിപക്ഷത്തിന്റെ വീക്ഷണകോണിൽ നിന്നുകൊണ്ടുകൂടി കാര്യങ്ങളെ കാണാനും വിലയിരുത്താനും ഉള്ള കഴിവ് അഭിനന്ദനീയമാണ്. നമ്മുടെ ശരികൾക്കപ്പുറത്ത് എപ്പോഴും മറ്റൊരു ശരി കൂടി ഉണ്ടാവാം എന്നൊരു ധാരണ ഉണ്ടാവണം. ഉപരിതലത്തിൽ മാത്രം അഭിരമിക്കുന്ന നിരീക്ഷണനേത്രങ്ങളല്ല നമുക്ക് വേണ്ടത്. ഉൾക്കനം അറിയാനുള്ള എക്‌സ്റേ കണ്ണുകളും ഉണ്ടായേ തീരൂ. മറ്റൊരുവശം, മറ്റൊരുതലം, മറ്റൊരു കാഴ്‌ച ഇവയുണ്ടെന്ന് മനസിലാകുമ്പോൾ തന്നെ നാം നല്ലൊരു മനുഷ്യനിലേക്ക് ചുവടുവയ്‌ക്കുകയാണ്.