വെസ്റ്റിൻഡീസ് ക്രിക്കറ്റർ മർലോൺ സാമുവൽസ് വിരമിച്ചു
ജമൈക്ക : ട്വന്റി20 ലോകകപ്പ് വെസ്റ്റിൻഡീസ് രണ്ടു തവണ നേടിയിട്ടുണ്ട്. ഈ രണ്ട് തവണയും ഫൈനലിൽ മാൻ ഓഫ് മാച്ച് പുരസ്കാരം നേടിയത് ഒരാളായിരുന്നു; മർലോൺ സാമുവൽസ്. രണ്ട് വർഷമായി കളിക്കളത്തിൽ ഇല്ലാതിരുന്ന സാമുവൽസ് കഴിഞ്ഞ ദിവസം ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2018 ആഗസ്റ്റിൽ ബംഗ്ലദേശിനെതിരായ ട്വന്റി-20 മത്സരത്തിനുശേഷം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. അതേ വർഷം ഡിസംബറിനു ശേഷം ക്ളബ് ക്രിക്കറ്റിലും സജീവമായിരുന്നില്ല. ഇനി കളത്തിലേക്കില്ലെന്ന് സാമുവൽസ് ക്രിക്കറ്റ് വെസ്റ്റിൻഡീസ് ചീഫ് എക്സിക്യുട്ടിവ് ജോണി ഗ്രേവിനെ അറിയിക്കുകയായിരുന്നു. 18 വർഷത്തെ കരിയറിനാണ് 39കാരനായ സാമുവൽസ് തിരശീലയിട്ടത്.
കളിക്കണക്കുകൾ
വെസ്റ്റിൻഡീസിനായി 71 ടെസ്റ്റുകളിലും 207 ഏകദിനങ്ങളിലും 67 ട്വന്റി20 മത്സരങ്ങളിലും കളിച്ചു.
ടെസ്റ്റിൽ 32.64 ശരാശരിയിൽ 3917 റൺസ് നേടി. ഇതിൽ ഏഴ് സെഞ്ച്വറികളും 24 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. 260 റൺസാണ് ഉയർന്ന സ്കോർ.
ഏകദിനത്തിൽ 32.97 ശരാശരിയിൽ 5606 റൺസാണ് സമ്പാദ്യം. ഇതിൽ 10 സെഞ്ച്വറികളും 30 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 133 റൺസാണ് ഉയർന്ന സ്കോർ.
ട്വന്റി20യിൽ 29.29 ശരാശരിയിൽ 1611 റൺസാണ് നേടിയത്. ഇതിൽ 10 അർധസെഞ്ച്വറികളുണ്ട്. പുറത്താകാതെ നേടിയ 89 റൺസാണ് ഉയർന്ന സ്കോർ.
ടെസ്റ്റിൽ 41, ഏകദിനത്തിൽ 89, ട്വന്റി20യിൽ 22 എന്നിങ്ങനെ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് , രാജസ്ഥാൻ റോയൽസ്, പൂനെ വാരിയേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
ലോകകപ്പുകളിലെ ഹീറോ
2012 ട്വന്റി20 ലോകകപ്പ് ഫൈനലിൽ കൊളംബോയിൽ ആതിഥേയരായ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റിൻഡീസ് കന്നി ട്വന്റി20 ലോകകപ്പ് നേടുമ്പോൾ സാമുവൽസായിരുന്നു വിജയശിൽപി. 56 പന്തിൽ 78 റൺസാണ് ആ ഫൈനലിൽ നേടിയത്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലായിരുന്ന 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലെ വിൻഡീസിന്റെ അപ്രതീക്ഷിത വിജയത്തിന് ചുക്കാൻ പിടിച്ചതും സാമുവൽസ്. അന്ന് ഇംഗ്ളണ്ടിനെതിരെ 66 പന്തിൽ പുറത്താകാതെ 85 റൺസടിച്ചാണ് സാമുവൽസ് ടീമിന് ലോകകിരീടം സമ്മാനിച്ചത്.
വിവാദങ്ങളുടെ തോഴൻ
കളത്തിൽ സജീവമായിരുന്നില്ലെങ്കിലും അടുത്തിടെ ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വോൺ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സാമുവൽസ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്.
2000
ത്തിൽ ശ്രീലങ്കയ്ക്ക് എതിരെ നെയ്റോബിയിൽ ഏകദിന അരങ്ങേറ്റം. ഇതേവർഷം ആസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് അരങ്ങേറ്റം.
2012,2016
വർഷങ്ങളിൽ ട്വന്റി-20 ലോകകപ്പ് ജേതാവ്,ഫൈനലുകളിൽ മാൻ ഒഫ് ദ മാച്ച്.
2013 വിസ്ഡൻ ക്രിക്കറ്റർ ഒഫ് ദ ഇയർ.