ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായകമായ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ ഇറങ്ങും മുമ്പ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം അംഗങ്ങൾക്കൊപ്പം 32-ാം പിറന്നാൾ ആഘോഷിച്ച് നായകൻ വിരാട് കൊഹ്‌ലി.
കൊഹ്‌ലിക്കൊപ്പം ആർ.സി.ബി ടീമംഗങ്ങൾ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീരനായകനെ ടീമംഗങ്ങൾ കേക്കിൽ ‘കുളിപ്പിക്കുന്ന’താണ് വീഡിയോ. അമ്മയാകാനൊരുങ്ങുന്ന ഭാര്യ അനുഷ്ക ശർമയും യു.എ.ഇയിൽ കൊഹ്‌ലിക്കും സംഘത്തിനുമൊപ്പം ആഘോഷങ്ങളിൽ പങ്കാളിയായി.
മുൻ സൂപ്പർതാരം സച്ചിൻ ടെൻഡുൽക്കർ, ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി,വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, യുവരാജ് സിംഗ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നേർന്നു
‘ജന്മദിനാശംസകൾ വിരാട് . അടുത്ത സീസണിന് എല്ലാ ആശംസകളും. എല്ലാവരെയും പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. അനുഗ്രഹപ്രദവും ആരോഗ്യകരവുമായ ഒരു വർഷം ആശംസിക്കുന്നു’ – സച്ചിൻടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്.