covaxin

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐ.സി.എം.ആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്ത് അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ.

ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍, അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.


'വാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നു,'' കൊവിഡ് -19 ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയായ രജനി കാന്ത് പറഞ്ഞു. 'അടുത്ത വര്‍ഷം ആദ്യത്തോടെ, ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസത്തോടെ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.' അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നിരിക്കുകയാണ്. 5,27,962 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 77,11,809 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 55,331 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.