ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ പഞ്ചാബി സുന്ദരി വാമിഖ ഗബ്ബിയുടെ വിശേഷങ്ങൾ
പഞ്ചാബിലെ പ്രശസ്ത സാഹിത്യകാരനായ ജി. എൽ കൗശലിന്റെയും പ്രിയപാതി രാജാ കൗശലിന്റെയും മകൾ വെള്ളിത്തിരയിലേക്ക് വന്നതിൽ അത്ഭുതപ്പെടാനില്ല.ഗബ്ബി എന്നത് ജി. എൽ. കൗശലിന്റെ തൂലികനാമം .ഗബ്ബി എന്ന പേരിനെ വാമിഖയും സഹോദരൻ ഹാർദ്ദികും കൂടെ കൂട്ടുകയും ചെയ്തു.അച്ഛന്റെ കൈയൊപ്പ് പതിഞ്ഞ പേര്. പഞ്ചാബി സിനിമകളിലെ തിരക്കേറിയ നായികയായി സ്വന്തം നാട്ടിൽ വാമിഖ അറിയപ്പെടുമ്പോൾ നമ്മൾക്ക് ഈ താരം ഗോദ എന്ന ചിത്രത്തിലെ അദിതി സിംഗിന്റെ മുഖമായി ഒാർമ വരും. വാമിഖയെ പോലെ അദിതി സിംഗും പഞ്ചാബുകാരി.ടൊവിനോ തോമസ് നായകനായി അഭിനയിച്ച ഗോദ കഴിഞ്ഞു നയൻ എന്ന പൃഥ്വിരാജ് ചിത്രത്തിലും വാമിഖയെ കണ്ടു.മലയാളത്തിലേക്ക് വീണ്ടും വരാൻ ഒരുങ്ങുകയാണ് വാമിഖ.
ഹോട്ട്
ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ ഞാൻ സന്തോഷിക്കുന്നു.അല്ലാതെ വിഷമിക്കുന്നില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല.ഒരാൾ ഗ്ളാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അതു കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസിൽ എന്നെപ്പറ്റി മോശമായി തോന്നുണ്ടെങ്കിൽ അത് അയാളുടെ കണ്ണിൽ ഉണ്ടാവും. എന്നാൽ മനസിൽ സ് നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിലായിരിക്കും. ദേഷ്യമെങ്കിൽ അങ്ങനെ. ഞാൻ ഒന്നിനെപ്പറ്റിയും ആലോചിക്കാറില്ല. വിഷമിക്കുകയുമില്ല.
മദ്യപാനം
ദിവസവും ഉറങ്ങുന്നതിനു മുൻപ് അച്ഛൻ ഒരു പെഗ് മദ്യം കഴിക്കാറുണ്ട്. എന്നാൽ അച്ഛൻ ഒരു മദ്യപാനിയാണെന്ന് പറയാൻ കഴിയില്ല. ഞാൻ മദ്യപിക്കാറില്ല.ജന്മദിനദിവസം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുമ്പോൾ മാത്രം ചിയേഴ്സ് പറയും. ഒരിക്കലും ഇതിനെ മദ്യപാനശീലമായി കാണാൻ കഴിയില്ല. ഞാൻ ഒരു പഞ്ചാബിയാണ്. മദ്യപാനശീലം ഉള്ളവരാണ് പഞ്ചാബികളിൽ അധികവും എന്നു കരുതുന്നവരുണ്ട്. കേരളത്തിലെ പോലെ തന്നെയാണ് ഇവിടെയും.
പ്രണയം
എന്നും ഞാൻ പ്രണയിക്കുന്നത് സിനിമയെയാണ്. ആ ഒരൊറ്റ കാരണമാണ് മുംബയ് യിൽ എത്തിച്ചത്. ഒരു ദിവസം രാവിലെ മുംബയ് യിൽ താമസിക്കാൻ എത്തുകയായിരുന്നു. കുട്ടിക്കാലം മുതൽ നടിയാവണമെന്ന ആഗ്രഹമുണ്ട്. ഞാൻ ഒരു കലാകാരിയാവുമെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഏതു മേഖലയിലായിരിക്കും എത്തുക എന്നതുമാത്രം അറിയില്ലായിരുന്നു. ബോളിവുഡ് സിനിമയിൽ അഭിനയിച്ചാണ് അഭിനയ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നപ്പോഴാണ് എല്ലാ ഭാഷകളിൽനിന്നും അവസരം ലഭിച്ചത്. ഒരു താരത്തിന് വളരാൻ അനുയോജ്യമായ നഗരമാണ് മുംബയ്. ഇന്നു കാണുന്ന വാമിഖയെ ചെറിയ രീതിയിലെങ്കിലും വളരാൻ സഹായിച്ചതും പാകപ്പെടുത്തിയെടുത്തതും മുംബയ് നഗരം തന്നെ.
ഗുസ്തി
ഗുസ്തിയുടെ ബാലപാഠങ്ങൾ പഠിച്ചശേഷമാണ് ഗോദയിൽ അഭിനയിച്ചത്. അമൃത് സറിൽ ഒരു മാസത്തെ ക്ളാസിൽ പങ്കെടുക്കുകയും ചെയ്തു. ഗുസ്തി അഭ്യസിച്ചവരെപോലെയായിരുന്നു അദിതി സിംഗിന്റെ പ്രകടനം എന്നു പലരും പറഞ്ഞു. അപ്പോൾ സ്വഭാവികമായും ഗുസ്തിക്കാരിയായിരിക്കുമെന്ന് പ്രേക്ഷകർ കരുതും. ഗുസ്തി ഒരു ആയോധന കലയാണ്. ഇത്രയും മെയ് വഴക്കം കിട്ടുന്ന മറ്റൊരു കല ലോകത്ത് വേറെയുണ്ടാവില്ല. എന്റെ ആദ്യ മലയാള ചിത്രമാണ് ഗോദ. അദിതി സിംഗ് എന്റെ ആദ്യ മലയാള കഥാപാത്രവും.