ന്യൂഡൽഹി : വാക്കുതർക്കം, അടി, ഇടി മുതൽ കൊലപാതകം വരെ എന്തിനും തയാർ പക്ഷേ പണം നൽകണം. പണം നൽകിയാൽ പോരാ, ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന തുക തന്നെ നൽകണം.! ഉത്തർ പ്രദേശിലെ മുസാഫർനഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഗുണ്ടാ സംഘമാണ് തങ്ങളുടെ ' ഗുണ്ടാ സർവീസുകളുടെ ' തുക പട്ടിക പ്രസിദ്ധീകരിച്ച് ഞെട്ടിച്ചിരിക്കുന്നത്.
ഒരുകൂട്ടം യുവാക്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പിസ്‌റ്റലുമായി നിൽക്കുന്ന യുവാവിന്റെ ചിത്രത്തിന് താഴെ സംഘത്തിന്റെ ' ഗുണ്ടാ സർവീസുകൾക്ക് ' ഈടാക്കുന്ന തുകയുടെ പട്ടിക കാണാം.
10,000 മുതൽ 55,000 വരെയുള്ള വില വിവരങ്ങൾ ആണ് ഗുണ്ടകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഭീഷണിപ്പെടുത്താൻ 10,000 രൂപ, ആളുകളെ മർദ്ദിക്കാൻ 5,000 രൂപ, മർദ്ദിച്ച് പരിക്കേൽപ്പിക്കണമെങ്കിൽ 10,000 രൂപ, കൊലപാതകത്തിന് 55,000 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. പോസ്റ്റ് അപ്‌ലോഡ് ചെയ്തവരിൽ ഒരാളെ പൊലീസ് കണ്ടെത്തി. ചൗകാദാ ഗ്രാമത്തിലെ ഒരു പി.ആർ.ഡി ജവാന്റെ മകനാണ് പോസ്‌റ്റ് അപ്‌ലോഡ് ചെയ്തതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.