us-election

വാഷിംഗ്ടൺ: അത്യന്തം നാടകീയമായ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വമ്പൻ ട്വിസ്റ്റ്. വിജയ പ്രഖ്യാപനം നടത്തിയ ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ വിജയത്തിലേക്ക്. അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ നേടിയാണ് ബൈഡൻ വിജയമുറപ്പിച്ചിരിക്കുന്നത്. ഇതുവരെ 7,21,10,951 വോട്ടുകൾ ബൈഡൻ നേടി. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു സ്ഥാനാർത്ഥികളേക്കാളും കൂടുതലാണെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇലക്ഷൻ റെക്കാഡ് ബൈഡൻ തകർത്തെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച വരെ 6.73കോടി വോട്ടുകളുമായി ട്രംപ് ഒബാമയുടെ റെക്കാഡിനടുത്തെത്തിയിരുന്നു. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌. 2008ൽ ഒബാമയ്ക്ക് 69,498,516 വോട്ടുകളാണ് ലഭിച്ചത്. അന്ന് ഒബാമ നേടിയത് റെക്കാഡ് വോട്ടായിരുന്നു.

അതേസമയം, പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഇതുവരെ 6,86,43,544 വോട്ടുകൾ നേടി. ട്രംപിന് ഇതുവരെ 214 ഇലക്ട്രൽ വോട്ടുകളും ബൈഡന് 264 ഇലക്ട്രൽ വോട്ടുകളും ലഭിച്ചു. കേവല ഭൂരിപക്ഷം 270 വോട്ടുകളാണ്.

കാലിഫോർണിയയിലടക്കം രാജ്യത്തുടനീളം കോടിക്കണക്കിന് വോട്ടുകൾ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെയുള്ള വോട്ടിംഗിലൂടെയും മെയിൽ -ഇൻ ബാലറ്റുകളിലൂടെയും 10 കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് 2.3 കോടി വോട്ടുകൾ ഇനിയും കണക്കാക്കാനുണ്ടെന്നാണ് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇത് ബൈഡന്റെ ലീഡ് നില ഇനിയും ഉയർത്താനാണ് സാദ്ധ്യത.

നെവാഡയിലും അരിസോണയിലും ബൈഡന് നേരിയ ലീഡുണ്ട്. എന്നാൽ പെൻസിൽവാനിയയിലും ജോർജിയയിലും ട്രംപിനുണ്ടായിരുന്ന മേധാവിത്തം ആബ്സന്റീ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ കുറഞ്ഞു തുടങ്ങിയിരുന്നു. നോർത്ത് കാരോളിനയിലും ട്രംപിന് ചെറിയ ലീഡുണ്ട്.

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു മത്സരിച്ച് പരാജയപ്പെടുന്ന ആളെന്ന പേരും ട്രംപിന് സ്വന്തമാകും. 1992ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മത്സരിച്ച് പരാജയപ്പെട്ട ചരിത്രമില്ല.

അതേസമയം, അരിസോണയിലെ ഫീനിക്സിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് 200ൽ പരം ട്രംപ് അനുകൂലികൾ റൈഫിളുകളും കൈത്തോക്കുകളുമായി തമ്പടിച്ചത് സംഘർഷ സാദ്ധ്യത സൃഷ്ടിച്ചിരുന്നു. ഇവിടുത്തെ വോട്ടെണ്ണൽ തടസപ്പെട്ടതായി റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടരണം എന്നാവശ്യപ്പെട്ട് ബൈഡൻ അനുകൂലികളും വിവിധ നഗരങ്ങളിൽ പ്രതിഷേധിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്ന സ്റ്റേറ്റുകളിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. അതേസമയം, ന്യൂയോർക്ക് നഗരത്തിലും ഒറിഗണിലെ പോർട്‌ലാൻഡിലും ട്രംപ് വിരുദ്ധ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.