rohit-sharma

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിലെ പ്രധാന ചർച്ച രോഹിത് ശർമ്മയുടെ പരിക്കാണ്. ഐ.പി.എല്ലിനിടെ പേശിവലിവ് അനുഭവപ്പെട്ട രോഹിത് നാലുമത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതും ഇതിനിടയിൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഒരു ഫോർമാറ്റിലേക്കുപോലും പരിഗണിക്കാതിരുന്നതും താരത്തിന്റെ പരിക്കിനെപ്പറ്റി കോച്ച് രവി ശാസ്ത്രിയുടെയും സൗരവ് ഗാംഗുലിയുടെയും ഉപദേശവും തൊട്ടുപിന്നാലെ അത് തള്ളി മുംബയ് ഇന്ത്യൻസിനായി കളിക്കാനിറങ്ങിയതും ഒക്കെച്ചേർന്ന് ആകെ ജഗപൊകയാണ്. രോഹിതിന്റെ പരിക്കിന്റെ പിന്നാമ്പുറം തേടുമ്പോൾ....

1. ഒക്ടോബർ 18 പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിനിടെയാണ് രോഹിതിന് പേശിവലിവ് അനുഭവപ്പെട്ടത്.ഇടതുകാലിലെ പേശിക്കാണ് പരിക്ക് പറ്റിയതെന്ന് മുംബയ് ഇന്ത്യൻസ് ടീം വൃത്തങ്ങൾ.

2.ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് ഒക്ടോബർ 25ന് യു.എ.ഇയിലുണ്ടായിരുന്ന ഇന്ത്യൻ ടീമിന്റെ ഫിസിയോ നിഥിൻ പട്ടേൽ രോഹിതിന്റെ പരിക്കിനെപ്പറ്റി ബി.സി.സി.ഐക്കും സെലക്ഷൻ കമ്മിറ്റിക്കും മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കുന്നു.

3. രോഹിതിന്റെ സ്കാനിംഗിൽ പേശിക്ക് പൊട്ടലുള്ളതായും രണ്ടുമുതൽ നാല് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടതായി നിഥിൻ അറിയിച്ചിരുന്നു.മൂന്ന് ഡോക്ടർമാരുടെ ഉപദേശം തേടിയതായും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ചില ഡോക്ടർമാർ പറഞ്ഞയാതും ഫിസിയോ ബി.സി.സി.ഐയെ അറിയിച്ചു.

4.ഒക്ടോബർ 26ന് ടീം പ്രഖ്യാപിച്ചപ്പോൾ ഒരു ഫോർമാറ്റിലും രോഹിത് ഉണ്ടായിരുന്നില്ല. ഏകദിന ,ട്വന്റി-20 ഫോർമാറ്റുകളിൽ കെ.എൽ രാഹുലിനെ രോഹിതിന് പകരം ഉപനായകനായും നിശ്ചയിച്ചു.രോഹിതിന്റെ ഫിറ്റ്നെസിനെപ്പറ്റി ബി.സി.സി.സി മെഡിക്കൽ സംഘം വീണ്ടും വിലയിരുത്തുമെന്നും സെലക്ഷൻ കമ്മിറ്റി അറിയിച്ചിരുന്നു.

5.ടീം പ്രഖ്യാപിച്ച അതേ ദിവസംതന്നെ രോഹിത് ശർമ്മ മുംബയ് ഇന്ത്യൻസിനൊപ്പം പരിശകലനം നടത്തുന്ന വീഡിയോ ടീം ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. ഒരു മാസത്തിന് ശേഷം നടക്കാനിരിക്കുന്ന പര്യടനത്തിൽ നിന്ന് പരിക്കുമൂലം ഒഴിവാക്കപ്പെട്ടയാൾ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും മുംബയ് ഇന്ത്യൻസ് അറിയിച്ചു.

6.ഇതോടെ രോഹിതിന്റെ പരിക്കിനെക്കുറിച്ച് സംശയങ്ങൾ ബലപ്പെടാൻ തുടങ്ങി. പ്ളേഓാഫിൽ രോഹിത് കളിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചപ്പോൾ പിന്നെന്തിന് ആസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയെന്ന് സുനിൽ ഗാവസ്കർ പരസ്യമായി ചോദിച്ചു.

7. പിന്നാലെ രോഹിത് മതിയായ വിശ്രമം കൂടാതെ കളിക്കാനിറങ്ങിയാൽ പരിക്ക് വഷളായി കരിയറിന് തന്നെ പ്രശ്നമാകുന്ന രീതിയിലേക്ക് മാറാനിടയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കിട്ടിയതുകൊണ്ടാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന വിശദീകരണവുമായി കോച്ച് രവി ശാസ്ത്രി രംഗത്തുവന്നു.

8.ഐ.പി.എൽപോലെ ഒരു ടൂർണമെന്റിന്റെ പ്ളേ ഓാഫിൽ കളിക്കാനായി ധൃതി പിടിച്ച് രോഹിത് മണ്ടത്തരം കാട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയു‌ടെ പ്രസ്താവന. പരിക്ക് മാറിയാൽ ഒാസീസ് പര്യടനത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഗാംഗുലി.

9.ഗാംഗുലിയുടെ വാക്കുകൾ പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പ് സൺറൈസേഴ്സിനെതിരായ അവസാന ലീഗ് മത്സരത്തിനുള്ള മുംബയ് ഇന്ത്യൻസ് ടീമിനെ നയിച്ച് രോഹിത് കളിക്കളത്തിൽ തിരിച്ചുവന്നു. ഇന്ത്യൻ ടീമിനേക്കാൾ വലുതാണോ ഐ.പി.എൽ എന്ന ചോദളവുമായി മുൻ താരങ്ങൾ എത്തിയതോടെ ചർച്ച ചൂടുപിടിച്ചു.

10.പ്ളേഓഫിൽ കളിക്കണമെന്ന മുംബയ് ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദംകൊണ്ടല്ല,ശരിക്കും പരിക്ക് മാറിയതുകൊണ്ടാണ് എന്ന് തെളിയിക്കാനാണ് ഒരു പ്രാധാന്യവുമില്ലാത്ത മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയത്.

11. ഇതോടെ താരത്തിന്റെ പരിക്ക് വിലയിരുത്തുന്നതിൽ ബി.സി.സി.സി മെഡിക്കൽ സംഘത്തിന് പിഴവുപറ്റി എന്ന ആരോപണമായി.ഗുരുതരമല്ലാത്ത പരിക്ക് പെരുപ്പിച്ച് കാട്ടുകയായിരുന്നു എന്നും ആക്ഷേപം.

12.ഏതായാലും ആസ്ട്രേലിയയിലേക്ക് പ്രത്യേക വിമാനത്തിൽ രോഹിതും പോകുമെന്നും ആദ്യം നടക്കുന്ന ഏകദിന ,ട്വന്റി-20 പരമ്പരകളിൽ ഇറങ്ങിയില്ലെങ്കിലും ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകുമെന്നും അറിയുന്നു.

എന്റെ പരിക്ക് പൂർണമായും മാറി. കൂടുതൽ മത്സരങ്ങളിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്രമത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.

- രോഹിത് ശർമ്മ

രോഹിതിന് പരിക്ക് മാറിയത് നല്ല കാര്യം.അദ്ദേഹം ആസ്ട്രേലിയൻ പര്യടനത്തിൽ ഉണ്ടാകുന്നത് ടീമിന് ഗുണമേ ചെയ്യൂ.

- സുനിൽ ഗാവസ്കർ, മുൻ ഇന്ത്യൻ ക്യാപ്ടൻ.

ഇന്ത്യയ്ക്കായി കളിക്കുന്നതിനേക്കാൾ രോഹിത് പ്രാധാന്യം നൽകുന്നത് ഐപിഎൽ ക്ലബ്ബിനാണോ? ഇക്കാര്യത്തിൽ ബിസിസിഐ കൃത്യമായ നടപടി സ്വീകരിക്കുമോ? അതോ രോഹിത്തിന്റെ പരുക്കിന്റെ ഗൗരവം മനസ്സിലാക്കുന്ന കാര്യത്തിൽ ഇന്ത്യൻ ടീം ഫിസിയോയ്‌ക്ക് പിഴവു സംഭവിച്ചതാണോ?

– ദിലീപ് വെംഗ്സർക്കാർ , മുൻ ഇന്ത്യൻ താരം

രോഹിത് ശർമയ്ക്ക് സംഭവിച്ചതെന്തെന്ന് രവി ശാസ്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല.ഔദ്യോഗികമായി സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമല്ലെങ്കിൽ പോലും, ടീം തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടും സെലക്ടർമാർ ചോദിച്ചുകാണും.അതുകൂടി പരിഗണിച്ചശേഷമാകും ടീമിനെ തിരഞ്ഞെടുത്തത്. രോഹിത്തിന് സംഭവിച്ചതെന്തെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ബി.സി.സി.ഐ ആണ്. ഐപിഎലിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ തീർച്ചയായും ഇന്ത്യൻ ടീമിലും ഉൾപ്പെടുത്തേണ്ടതായിരുന്നു. പരിക്ക് ഗുരുതരമാകുന്ന സാഹചര്യം വന്നാൽ പകരക്കാരനെ വിളിച്ചുവരുത്താവുന്നതല്ലേയുള്ളൂ?

- വിരേന്ദർ സെവാഗ്, മുൻ ഇന്ത്യൻ താരം