covid

തിരുവനന്തപുരം: കൊവിഡ് ബാധ രൂക്ഷമായിരുന്ന തലസ്ഥാന ജില്ലയിൽ ഒക്ടോബറിൽ ടെസ്റ്റ് പോസിറ്രിവിറ്റി റേറ്രിൽ കുറവ് രേഖപ്പെടുത്തി. സെപ്തംബർ ആദ്യവാരം 13.3% ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ആ മാസം അവസാനമായപ്പോഴേക്കും 17.6 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ, ഒക്ടോബറിലെ നാല് ആഴ്ചകളിൽ ടി.പി.ആർ 13.7 ശതമാനത്തിനും 17 ശതമാനത്തിനും ഇടയിലായിരുന്നു.


കഴിഞ്ഞ മാസത്തിലെ നാലാഴ്ചകളിൽ 1.60 ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടി.പി.ആർ 13.7 ശതമാനത്തിനും 16.8 ശതമാനത്തിനും ഇടയിലായിരുന്നു. ഒക്ടോബർ ആദ്യവാരം (ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ച സമയം) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17 ശതമാനത്തിൽ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തുകയായിരുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് ജൂലായ് രണ്ടാംവാരത്തിന് ശേഷം തലസ്ഥാനത്തെ ടി.പി.ആർ 5 ശതമാനത്തിന് താഴെ പോയിട്ടില്ല. ജൂലായ് മൂന്നാം വാരമായതോടെ ടി.പി.ആർ ക്രമാതീതമായി വർദ്ധിക്കുന്നതാണ് കണ്ടത്. ജില്ലയുടെ തീരമേഖലയിൽ ക്ളസ്റ്ററുകൾ രൂപപ്പെടുകയും കൊവിഡ് പടർന്നുപിടിക്കുകയും ചെയ്തതോടെയായിരുന്നു ടി.പി.ആർ കുത്തനെ ഉയരാൻ തുടങ്ങിയത്. ഇതിനൊപ്പം ടി.പി.ആർ 10 ശതമാനത്തിന് മുകളിലേക്ക് ഉയരുകയും ചെയ്തു.

അതേസമയം, സർക്കാർ മേഖലയിലെ കണക്ക് എടുത്താൽ കൊവിഡ് രോഗബാധിതരുടെ വർദ്ധനവിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്ന ട്രെൻഡാണുള്ളത്. സർക്കാർ ആശുപത്രികളിലും ലാബുകളിലും കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവ് സാധാരണ നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സെപ്തംബറിൽ സർക്കാർ മേഖലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.9 ശതമാനത്തിൽ നിന്ന് 20.65 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഒക്ടോബറിൽ സർക്കാർ മേഖലയിലെ നിരക്ക് മെച്ചപ്പെട്ടതുമില്ല. ഒക്ടോബറിൽ സർക്കാർ മേഖലയിലെ ടി.പി.ആർ 18.18 ശതമാനത്തിനും 19.17 ശതമാനത്തിനും ഇടയിലായിരുന്നു.

സ്വകാര്യ മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.43 ശതമാനം ആണ്. സെപ്തംബർ അഞ്ചാമത്തെ ആഴ്ചയിലായിരുന്നു ഇത്. ഒക്ടോബറിൽ സ്വകാര്യ മേഖലയിലെ ടി.പി.ആർ 13.29 ശതമാനത്തിനും 9.25 ശതമാനത്തിനും ഇടയിലായിരുന്നു. ഈ സമയത്ത് ആർ.ടി പി.സി.ആർ പരിശോധനകളെക്കാൾ കൂടുതൽ നടന്നത് ആന്റിജൻ പരിശോധനകളായിരുന്നു. അപ്പോഴെല്ലാം സെപ്തംബറിനും ഒക്ടോബറിനും ഇടയിലുള്ള ടി.പി.ആറിൽ സ്ഥായിയായ കുറവാണ് രേഖപ്പെടുത്തിയത്.

സെപ്തംബർ രണ്ടാംവാരം ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴുണ്ടായ ടി.പി.ആർ 9.8 ശതമാനമായിരുന്നു. ഒക്ടോബർ നാലാമത്തെ ആഴ്ച ആയപ്പോൾ ടി.പി.ആർ 17.5 ശതമാനത്തിൽ നിന്ന് 10.4 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. ഒക്ടോബറിലെ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ടുകൾ പ്രകാരം സെന്റിനൽ സർവെയ്ലൻസ് വിഭാഗത്തിലും കണ്ടെയ്‌ൻമെന്റ് സോണുകളിലും ഉയർന്ന ടി.പി.ആറാണ് രേഖപ്പെടുത്തിയത്. തീരദേശ മേഖലകളായ പൂന്തുറ,​ വലിയതുറ,​ പുതുക്കുറിച്ചി എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഓണത്തിന് ശേഷം ജില്ലയിലെ എല്ലാ മേഖലകളിലും ഉണ്ടായ രോഗികളുടെ വർദ്ധന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയരാൻ ഇടയാക്കിയതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.