suicide

മീററ്റ്: ഭര്‍ത്താവിന് ദീര്‍ഘായുസ് ലഭിക്കാന്‍ രാജ്യത്തെ സ്ത്രീകള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ദിനമാണ് കര്‍വ ചൗഥ്. എന്നാല്‍ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിച്ച് ഉപവസിച്ച ഉത്തര്‍പ്രദേശിലെ നായി ബസ്തിയിലെ ഒരു സ്ത്രീയെ സംബന്ധിച്ച് അതൊരു ദുരന്ത ദിവസമായി മാറി.


ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് വിനോദ് കുമാര്‍ എന്ന യുവാവ് ജീവിച്ചിരുന്നത്. ഭാര്യയുമായി നിരന്തരം കലഹിച്ചിരുന്ന വിനോദ് കര്‍വ ചൗഥ് ദിവസം തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായിയാണ് റിപ്പോര്‍ട്ടുകൾ. വിനോദ് കുമാര്‍ നേരത്തേയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദമ്പതികള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ വിനോദ് കുമാര്‍ അസ്വസ്ഥനായിരുന്നു. വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം.


അതേസമയം, ഉത്തര്‍പ്രദേശിലെ മറ്റൊരു സ്ഥലത്ത് ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് 29 കാരിയായ യുവതി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. കാഞ്ചന്‍ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. പെയിന്ററായി ജോലി ചെയ്യുന്ന ഭര്‍ത്താവ് യുവതിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി യുവതിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.