തിരുവനന്തപുരം: മകളെയും പേരക്കുട്ടിയെയും ഇ.ഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടർക്ക് ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് പരാതി നൽകി. ഇമെയിൽ മുഖാന്തിരമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ബിനീഷിന്റെ ഭാര്യാപിതാവ് പരാതി നൽകിയത്.
മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചുവെന്നും, വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാർഡ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആവശ്യം നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ രാത്രിയോടെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി.ക്ക് കേരള പൊലീസ് ഇമെയിൽ അയച്ചു. നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയിൽ അയച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നോട്ടീസ് മുഖാന്തിരം പരാതിയെ കുറിച്ച് പൊലീസ് ഇ.ഡി.യെ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഇത്.
റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ.ഡി.ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐ. തടഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ.ഡി.ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിൽ അയച്ചിരിക്കുന്നത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ അവർ വന്ന മൊഴിനൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.