h1-n2

ടൊറന്റോ: കൊവിഡിനിടെ കാനഡയിൽ അപൂർവയിനം പന്നിപ്പനിയും. ഒക്ടോബർ മദ്ധ്യത്തോടെ ആൽബർട്ടോയിലാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയിൽ എച്ച്1 എൻ2 വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദീന ഹിൻഷോയും ചീഫ് വെറ്റേറിനേറിയൻ ഡോക്ടർ കൈത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മറ്റാർക്കും രോഗലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ, നിലവിൽ ഇവിടെ അപകടസാദ്ധ്യതയില്ലെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. ഈ കാലയളവിൽ ഇതുവരെ ആൽബർട്ടോയിൽ റിപ്പോർട്ട് ചെയ്ത ഒരേയൊരു ഇൻഫ്ലുവൻസ കേസാണിതെന്നാണ് അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം, ആർക്കാണ് ഈ രോഗം ബാധച്ചതെന്നത് അധികൃതർ പുറത്തുവിട്ടിട്ടില്ല.

രോഗിയ്ക്ക് ഇൻഫ്‌ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായി. എന്നാൽ, രോഗലക്ഷണങ്ങൾ പെട്ടെന്ന് തന്നെ ഭേദമായെന്ന് അധികൃതർ പറയുന്നു. വൈറസ് വ്യാപിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. വൈറസ് എവിടെ നിന്നാണ് പടർന്നതെന്ന് പരിശോധിക്കുകയും മറ്റെവിടെയും വൈറസ് പടർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ആരോഗ്യ വിദഗ്ദ്ധർ.

സാധാരണയായി പന്നികളിലാണ് എച്ച്1എൻ2 കണ്ടുവരുന്നത്. എന്നാൽ, പന്നിമാംസം ഭക്ഷിക്കുന്നതിൽ നിന്ന് വൈറസ് ബാധയുണ്ടാവാനുള്ള സാദ്ധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മനുഷ്യനിലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും വൈറസ് മറ്റാർക്കെങ്കിലും പകരാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും പഠനം ആരംഭിച്ചു കഴിഞ്ഞു. എച്ച്1എൻ2 വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും അടുത്തിടപഴകുന്ന വ്യക്തികളിൽ ചിലപ്പോൾ വൈറസ് ബാധിച്ചേക്കാം. 2005 മുതൽ ലോകത്ത് ആകെ 27 വ്യക്തികളിൽ മാത്രമാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.

മനുഷ്യരിൽ അപൂർവമായി മാത്രമാണ് ഈ വൈറസ്ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുള്ള പന്നികളിൽ നിന്നാണ് സാധാരണയായി രോഗം പകരുന്നത്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നത്.

ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ

തെരേസ ടാം