വാഷിംഗ്ടൺ: ഇന്ത്യൻ വംശജ കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റാകുമ്പോൾ രചിക്കുന്നത് പുതു ചരിത്രമാണ്. ആദ്യമായാണ് ഏഷ്യൻ -അമേരിക്കൻ വംശജ അമേരിക്കയുടെ ഭരണതലപ്പത്തെത്തുന്നത്. കമലയുടെ അപൂർവ നേട്ടം ഇന്ത്യക്ക് അഭിമാനമാണ്. മാത്രമല്ല, 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനും സാദ്ധ്യതയുണ്ട്. ഒരുപക്ഷേ, അമേരിക്കയുടെ പ്രസിഡന്റ് ആകുന്ന ആദ്യവനിതയെന്ന ചരിത്രനേട്ടവും കമലയെ കാത്തിരിക്കുന്നുണ്ടാവാം. നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ് കമല ഹാരിസ്.
ആരാണ് കമലാ ഹാരിസ്
വാഷിംഗ്ടണിലെ ഹോവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം.
ആഫ്രിക്കൻ -അമേരിക്കൻ വനിതാസമാജമായ ആൽഫ കാപ്പ ആൽഫയിലെ അംഗമായിരുന്നു.
കാലിഫോർണിയ സർവകലാശാലയിലെ ഹേസ്റ്റിംഗ്സ് കോളേജ് ഒഫ് ലായിൽ നിന്ന് നിയമബിരുദം.
സാൻഫ്രാൻസിസ്കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി രണ്ടുതവണ.
2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറൽ.
2017 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയ ജൂനിയർ സെനറ്റർ.
2014ൽ ഡഗ്ലസ് എംഹോഫിനെ വിവാഹം ചെയ്തു.
യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത.
കാലിഫോർണിയയിലെ കറുത്ത വംശജയായ ആദ്യ അറ്റോർണി ജനറൽ. ഈ പദവി കൈകാര്യം ചെയ്ത ആദ്യ വനിത.
' ദ ട്രൂത്ത് വീ ഹോൾഡ്: ആൻ അമേരിക്കൻ ജേർണി',' സൂപ്പർ ഹീറോസ് ആർ എവരിവെയർ' എന്നീ പുസ്തകങ്ങൾ രചിച്ചു.
അമ്മ ചെന്നൈക്കാരി
ഡൽഹിയിൽനിന്ന് ഹോം സയൻസിൽ ബിരുദം നേടിയ ശേഷം 1960കളിൽ സ്കോളർഷിപ്പുമായി ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ ഡോ. ശ്യാമള ഗോപാലൻ. പിന്നീടവർ സ്തനാർബുദ ഗവേഷകയായി. ഇർവിൻ കോളേജിലായിരുന്നു ഹോം സയൻസ് പഠിച്ചത്. പിന്നീട് ബെർക്ക് ലിയിൽ ഉന്നത പഠനം. കറുത്തവരുടെ അവകാശ പോരാട്ടത്തിനിടെയാണ് ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. 1963ൽ വിവാഹിതരായി. ശ്യാമളയുടെ കുടുംബത്തിൽ നിന്നാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. 1964 ഒക്ടോബർ 20ന് കമല പിറന്നു. ശ്യാമളയും ഡൊണാൾഡും മക്കളായ കമലയ്ക്കും മായയ്ക്കും ഒപ്പം സാംബിയയിൽ എത്തി പിതാവ് പി.വി.ഗോപാലനെ കണ്ടു. 1970ൽ കമലയ്ക്ക് ഏഴു വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് മക്കളുമായി നിരന്തരം ഇന്ത്യയിൽ എത്തിയിരുന്നു ശ്യാമള. കമലയും സഹോദരി മായയും അമ്മയ്ക്കൊപ്പമാണ് ജീവിച്ചത്. അഭിഭാഷകയായ മായ, ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്.