bidan

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ട് നേടിയ സ്ഥാനാർത്ഥി എന്ന റെക്കാഡ് സൃഷ്ടിച്ചു. ലക്ഷക്കണക്കിന് വോട്ടുകൾ എണ്ണാനിരിക്കെ,​ ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്‌തു. 2008ലെ തിരഞ്ഞെടുപ്പിൽ ഏഴ് കോടിയോളം വോട്ട് നേടിയ ബറാക് ഒബാമയുടെ റെക്കാഡാണ് ബൈഡൻ തകർത്തത്. ഒബാമ അന്ന് 6,​ 94,​ 98,​516 വോട്ടാണ് നേടിയത്.

പോപ്പുലർ വോട്ടിൽ എതിരാളി ഡൊണാൾഡ് ട്രംപിനേക്കാൾ 27ലക്ഷം വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ. വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ബൈഡന്റെ പോപ്പുലർ വോട്ടുകൾ വർദ്ധിക്കുകയാണ്. ട്രംപിന് ബുധനാഴ്ച വരെ 6.32കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വോട്ടുകളുടെ കണക്കെടുപ്പ് തുടരുകയാണ്.ഏർ‌ലി വോട്ടിംഗിലും മെയിൽ ബാലറ്റിലുമായി വന്ന പത്ത് കോടിയിലേറെ വോട്ടുകളിൽ രണ്ടര കോടിയോളം വോട്ടുകൾ ഇനിയും എണ്ണാനുണ്ട്. അതുകൂടി വരുന്നതോടെ ബൈഡന്റെ വോട്ടുകളിൽ വൻ വർദ്ധനയുണ്ടാവുമെന്നും നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ടിൽ പറയുന്നു.