kar

മുംബയ്: ഫാഷൻ ലോകത്ത് തന്റേതായൊരു മുദ്ര പതിപ്പിക്കാൻ ബോളിവുഡ് താരം കരീന കപൂറിനെക്കഴിഞ്ഞേ ആരുമുള്ളൂ. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന കരീന മെറ്റേർണിറ്റി ഫാഷനിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ്. അടുത്തിടെ ഒരു ഹാലോവീൻ പാർട്ടിയിൽ പങ്കെടുക്കവേ കരീന അണിഞ്ഞ വസ്ത്രങ്ങളും ചെരുപ്പുമാണ് ട്രെൻഡിയാകുന്നത്. ശ്രുതി സാഞ്ചെട്ടി ഡിസൈൻ ചെയ്ത മനോഹരമായ ഗ്രേ നിറത്തിലുള്ള ട്യൂണിക് വസ്ത്രമണിഞ്ഞാണ് കരീന പാർട്ടിക്കെത്തിയത്. മകൻ തൈമൂറും ഒപ്പമുണ്ടായിരുന്നു. ആഭരണങ്ങളും മേക്കപ്പും പൂർണമായി ഒഴിവാക്കിയാണ് ബോളിവുഡിന്റെ ബേബു ആഘോഷത്തിൽ പങ്കെടുത്തത്. അതിൽ കരീനയണിഞ്ഞ ചെരുപ്പാണ് സംസാരവിഷയം. മഞ്ഞ നിറത്തിലുള്ള ഓലമെടഞ്ഞത് പോലെയുള്ള സിംപിൾ ചെരുപ്പാണത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബൊഗേട്ടാ വെനെറ്റയുടേതാണ് ചെരുപ്പ്. കണ്ടാൽ വളരെ സിംപിളായി തോന്നുമെങ്കിലും വിലയുടെ കാര്യത്തിൽ കക്ഷി ഒട്ടും സിംപിളല്ല. 1,06,027 രൂപയാണ് ചെരുപ്പിന്റെ വില. ഇൻസ്റ്റാഗ്രാമിൽ ചെരുപ്പും കരീനയും വൈറലായി. ഇത്രയും കാശുണ്ടായിരുന്നെങ്കിൽ എത്ര വസ്ത്രം വാങ്ങാമായിരുന്നു എന്നാണ് ഒരാൾ കുറിച്ചത്. ചെരുപ്പുകളോട് വലിയ ഭ്രമമുള്ളയാളാണ് കരീന. ഒന്നര ലക്ഷം രൂപയുടെ അലക്സാണ്ടർ വാംഗ് ഹീൽസ്, ഒരു ലക്ഷത്തിന്റെ ലോഫേഴ്സ് ചെരുപ്പുകളും താരത്തിന്റെ കളക്ഷനിലുണ്ട്.