theft

സൂററ്റ്: വീട്ടുജോലിക്കായി സൂറത്തിലെ ബിസിനസുകാരുടെ വീടുകളെ സമീപിക്കുകയും ജോലി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത 27കാരനെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് ബുധനാഴ്ച പൊലീസ് പിടികൂടി. ജയന്തിലാല്‍ (കമലേഷ് കെഹ്മല്‍ ഓസ്വാള്‍) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


സൂറത്ത് ആസ്ഥാനമായുള്ള ഡൈയിംഗ് മില്‍ ഉടമ രാധേശ്യം ഗാര്‍ഗ് സിറ്റി പോലീസില്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒക്ടോബര്‍ 20 നാണ് ജോലിക്കാരൻ വീട്ടില്‍ നിന്ന് 6 ലക്ഷം രൂപയുമായി കടന്നത്. സൂറത്തിലെ സിറ്റി ലൈറ്റ് ഏരിയയിലെ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച ശേഷം പ്രതി വാപ്പിയിലേക്ക് പോയി. അവിടെ കൊള്ളയുടെ ഒരു ഭാഗം രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തു.


സമ്പന്നരായ ബിസിനസുകാരുടെ ഡ്രൈവര്‍മാരുമായി ജയന്തിലാല്‍ ചങ്ങാത്തം കൂടുകയും അവരോട് ജോലി ശരിയാക്കി തരാൻ സഹായം തേടുകയും ചെയ്യും. നല്ല പെരുമാറ്റം കൊണ്ട് മിക്ക സ്ഥലങ്ങളിലും എളുപ്പത്തില്‍ ജോലി ലഭിച്ചു. ജോലി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തൊഴിലുടമയുടെ വീട്ടില്‍ നിന്ന് എടുത്ത് രക്ഷപ്പെടുത്താണ് രീതി. ഓരോ മോഷണത്തിനുശേഷവും ജയന്തിലാല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ചെയ്ത കുറ്റത്തിന് ക്ഷമ ചോദിക്കുമെന്നും ഗാര്‍ഗ് ഇയാളുടെ പത്താമത്തെ ഇരയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.