അമേരിക്കൻ രാഷ്ട്രീയത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത പൊരിഞ്ഞ പോരാട്ടമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടക്കുന്നത്. 253 ഇലക്ടറൽ കോളേജ് വോട്ടുകൾ ഉറപ്പിച്ച ബൈഡനാണ് മേൽക്കൈ. കേവലം പതിനേഴ് ഇലക്റ്ററൽ കോളേജ് വോട്ടുകൾ കൂടി ലഭിച്ചാൽ ബൈഡന് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം. അദ്ദേഹം ഇപ്പോൾ ലീഡ് ചെയ്യുന്ന നെവാഡയും (ആറ് പ്രതിനിധികൾ), അരിസോണയും (11 പ്രതിനിധികൾ) നേടിയാൽ 270 എന്ന മാജിക് നമ്പരിലേക്ക് എത്തും. നിലവിലെ ശതമാനക്കണക്കുകൾ ബൈഡന് അനുകൂലവുമാണ്. മാത്രവുമല്ല, ട്രംപ് ലീഡ് ചെയ്യുന്ന നാല് സംസ്ഥാനങ്ങളിൽ (ആകെ 54 പ്രതിനിധികൾ) ഏതെങ്കിലും നേടിയാൽ ട്രംപിന്റെ സാദ്ധ്യതകൾ വീണ്ടും വർദ്ധിക്കുകയാണ്. എണ്ണാനുള്ള വോട്ടുകൾ കാണിക്കുന്നത് ഈ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും ജോർജിയയും പെൻസിൽവാനിയയും ബൈഡൻ പക്ഷത്തേക്ക് ചായാനുള്ള സാദ്ധ്യത ഉണ്ടെന്നാണ്. നിലവിൽ ട്രംപിന് ഉറപ്പായുള്ളത് 214 പ്രതിനിധികൾ മാത്രമാണ്. 56 പ്രതിനിധികളെ കൂടി ലഭിച്ചാൽ മാത്രമേ വൈറ്റ് ഹൗസിൽ തുടരാൻ സാധിക്കൂ. അദ്ദേഹം ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ആകെ 54 പ്രതിനിധികളാണുള്ളത്. ഇതിൽ ഏതെങ്കിലുമൊക്കെ സംസ്ഥാനങ്ങൾ കൈവിട്ടുപോകാനുള്ള സാദ്ധ്യതയും ഏറെയാണ്. ബൈഡന് 80 ശതമാനം സാദ്ധ്യതകൾ കല്പിക്കുമ്പോൾ ട്രംപിന് 20 ശതമാനം സാദ്ധ്യത മാത്രമാണുള്ളത്. അതായത്, ബൈഡന് വ്യക്തമായ മുൻതൂക്കമുണ്ടെങ്കിൽക്കൂടി വിദൂരസാദ്ധ്യതകൾ ട്രംപിനും ഉണ്ടെന്നർത്ഥം. ഇത്തരത്തിൽ ഒരു ഇഞ്ചോടിഞ്ച് പോരാട്ടം അടുത്തകാലത്തൊന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കണ്ടിട്ടില്ല. ഇതിന് കാരണങ്ങൾ ഏറെയാണ്.
46 -ാം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആ രാജ്യത്തെ നെടുകെ പിളർത്തിയതായി കാണാം. കടുത്ത യാഥാസ്ഥിതിക തീവ്രനിലപാടുമായി ട്രംപ് ഒരു വശത്ത് വംശീയ സാംസ്കാരിക- ദേശീയത ഉയർത്തി കോട്ട പണിതപ്പോൾ, മറുവശത്ത് ജനാധിപത്യവാദികൾ ലിബറൽ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സാംസ്കാരിക വൈവിദ്ധ്യത്തിൽ അധിഷ്ഠിതമായ കോട്ട പടുത്തുയർത്തി. അമേരിക്കൻ സമൂഹത്തെ തെരുവിൽ തമ്മിൽത്തല്ലുന്ന, ജനവിധിയെ മാനിക്കാത്ത തരത്തിലേക്ക് തള്ളിവിട്ടു ഈ തിരഞ്ഞെടുപ്പ്.
ട്രംപ് തിരഞ്ഞെടുക്കപ്പെടാൻ വിദൂരസാദ്ധ്യത മാത്രമേയുള്ളൂ. അദ്ദേഹം സ്വയം കളഞ്ഞുകുളിച്ചതാണ് വിജയ സാദ്ധ്യതകൾ. ന്യൂയോർക്ക് ടൈംസിന്റെ ഒരു വിശകലനം കാണിക്കുന്നത്, കഴിഞ്ഞ നാലുവർഷം 22,000 ത്തിൽപരം തവണ ട്രംപ് അസത്യ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നാണ്.
ഗീബൽസിനെപ്പോലെ അദ്ദേഹം നുണകൾ ആവർത്തിച്ചുകൊണ്ടുമിരുന്നു. രാഷ്ട്രീയ പ്രതിയോഗിയോടുള്ള വിദ്വേഷം, കൊവിഡിനെ നേരിടാനുള്ള ശാസ്ത്രീയമാർഗങ്ങൾ പാടേ നിരാകരിച്ചത് , മുഖാവരണം ഉപേക്ഷിച്ച് കൊവിഡിനെ വെല്ലുവിളിച്ചത് ഒക്കെ ട്രംപിന് വിനയായി. ഡെമോക്രാറ്റ്സുകളുടെ ഒരു പരസ്യത്തിൽ കാണിച്ചത്, 2,30,000 പരം അമേരിക്കക്കാർ കൊവിഡ് മൂലം മരിച്ചതിന് പ്രസിഡന്റ് ട്രംപ് എന്ന ഒറ്റക്കാരണമേയുള്ളൂ എന്നാണ്. കൊവിഡിൽ മുങ്ങിപ്പോയത്, ട്രംപിന്റെ സാമ്പത്തിക നേട്ടങ്ങളാണ്. കൊവിഡിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്തിരുന്നെങ്കിൽ ട്രംപിന് വളരെയധികം സാദ്ധ്യതകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭ്രാന്തമായ നിലപാടുകളുടെ യുക്തി ഭൂരിപക്ഷം അമേരിക്കക്കാർക്കും മനസിലായി.
ഈ തിരഞ്ഞെടുപ്പിൽ കൃത്യസമയത്ത് ഫലം പ്രഖ്യാപിക്കാനാകാത്തതിനും പോരാട്ടം നീണ്ടുപോകുന്നതിനുമുള്ള ഒരു പ്രധാനകാരണം അമേരിക്കൻ ഇലക്ഷൻ സംവിധാനത്തിലെ പോരായ്മകളാണ്. ഇപ്പോൾത്തന്നെ ദേശീയതലത്തിൽ ബൈഡന് ട്രംപിനെക്കാൾ ഏകദേശം 30 ലക്ഷത്തിൽപ്പരം പോപ്പുലർ വോട്ടുകൾ അധികമായുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ബൈഡന് ആവശ്യമായ ഇലക്ടറൽ കോളേജ് പ്രതിനിധികളെ കിട്ടുന്നില്ല എങ്കിൽപ്പോലും ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്തെന്ന റെക്കാഡിന് ഉടമയായ പ്രസിഡന്റ് സ്ഥാനാർത്ഥി ബൈഡനാണ്. എന്നിട്ടും ജയം ഉറപ്പിക്കാൻ അദ്ദേഹം കാത്തുനില്ക്കുകയാണ്. ഓരോ സംസ്ഥാനത്തുമുള്ള വ്യത്യസ്തമായ ഇലക്ഷൻ നിയമങ്ങളും തിരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നു. ഉദാഹരണത്തിന് ഫലം അറിയാനുള്ള നോർത്ത് കരോലിനയിൽ നവംബർ 12 വരെയും മുൻകൂർ രേഖപ്പെടുത്തിയ പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കും. അതായത് കരോലിനയിലെ ഫലം വീണ്ടും വൈകാനും സാദ്ധ്യതയുണ്ട്.
സങ്കീർണമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും രാഷ്ട്രീയപാർട്ടികളുടെ അസഹിഷ്ണുതയും അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കാറുണ്ട്. കോടതികൾ പലപ്പോഴും രാഷ്ട്രീയ താത്പര്യങ്ങൾ വച്ചാണ് വിധികൾ പറയുന്നത്. പരാജയഭീതിയുള്ള ട്രംപ് സുപ്രീംകോടതിയിൽ പോകുമെന്ന് പറഞ്ഞുകഴിഞ്ഞു. പല സംസ്ഥാനങ്ങളിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തിലെ അപചയങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അശാസ്ത്രീയതയുമാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരെന്ന് ഉറപ്പിക്കാൻ വൈകുന്നതിന്റെ കാരണം. അന്തിമഫലം എന്ന് വരുമെന്ന് ആർക്കും അറിയില്ല.