manchester-united

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പാരീസ് എസ്.ജിക്കും തോൽവി

ബാഴ്സലോണ.യുവന്റസ്,ചെൽസി,സെവിയ്യ വിജയിച്ചു

ഇസ്താംബുൾ : സ്കൂൾകുട്ടികൾ പോലും കാട്ടാൻ മടിക്കുന്ന പ്രതിരോധപ്പിഴവിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കിയിൽ ക്ളബ് ഇസ്താംബുൾ ബസക്‌ഷറിൽ നിന്ന് തോൽവി ഇരന്നുവാങ്ങി മുൻ ജേതാക്കളായ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബസക്‌ഷർ യുണൈറ്റഡിനെ അട്ടിമറിച്ചത്. ഈ രണ്ടുഗോളുകളും പൊസിഷൻ മറന്നുപോയ മാഞ്ചസ്റ്ററിന്റെ പ്രതിരോധമാണ് സമ്മാനിച്ചത്.

മറ്റൊരു മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മർ, കിലിയൻ എംബപ്പെ തുടങ്ങിയവരെ കൂടാതെ ഇറങ്ങിയ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമൻ ക്ലബ് ആർ.ബി ലെയ്പ്‌സിഗിനോടു തോറ്റു.

സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ ഉക്രെയ്ൻ ക്ലബ്ബായ ഡൈനാമോ കീവിനെതിരെ വിജയം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. യുവന്റസ് എഫ്‍സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫെറെങ്ക്‌വാറോസിനെയും വീഴ്ത്തി. ഗ്രൂപ്പ് ജിയിൽ ചെൽസി റെനെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. സെവിയ്യ ക്രാസ്നൊദാറിനെ 3–2ന് തോൽപ്പിച്ചപ്പോൾ, സെനിത് സെന്റ് പീറ്റേഴ്സ്ബർഗും ലാസിയോയും സമനിലയിൽ (1–1) പിരിഞ്ഞു.

മാഞ്ചസ്റ്ററിനെ കറക്കി

തുർക്കി ക്ളബ്

1990ൽ രൂപീകരിച്ച്, കഴിഞ്ഞ സീസണിൽ മാത്രം പ്രഥമ തുർക്കി സൂപ്പർ ലീഗ് കിരീടം ചൂടിയ ഇസ്താംബുൾ ബസെക്‌ഷറിനോട് തികച്ചും അപ്രതീക്ഷിതമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ഒരു ഗോൾ പോലും നേടാനാകാതെ തോറ്റ ബസെക്‌ഷർ, ഇത്തവണ യുണൈറ്റഡിനെ ഞെട്ടിച്ചു. ഡെംബ ബാ (12), എഡിൻ വിസ്ക (40) എന്നിവരാണ് ബസക്സെറിനായി ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പന്തുകിട്ടുമ്പോൾ ഡെംബ ബായെ മാർക്ക്ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. രണ്ടാം ഗോൾ തടുക്കാൻ കഴിയുമായിരുന്നിട്ടും അതിന് മുതിർന്നതുമില്ല മാഞ്ചസ്റ്റർ പ്രതിരോധം. യുണൈറ്റഡിന്റെ ആശ്വാസഗോൾ ആന്തണി മാർഷ്യൽ (43) നേടി. തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ വിജയത്തിന്റെ കരുത്തിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ പി.എസ്.ജിയെ വീഴ്ത്തി ആർബി ലെയ്പ്സിഗ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലെയ്പ്സിഗിന്റെ വിജയം. സൂപ്പർതാരങ്ങളായ നെയ്മർ, എംബപ്പെ തുടങ്ങിയവരില്ലാതെയാണ് പിഎസ്ജി കളിച്ചത്. എയ്ഞ്ചൽ ഡി മരിയ ആറാം മിനിറ്റിൽ നേടിയ ഗോളിൽ മുന്നിലെത്തിയശേഷമാണ് പി.എസ്.ജി തോൽവി വഴങ്ങിയത്. തൊട്ടുപിന്നാലെ ഡി മരിയ ഒരു പെനാൽറ്റി പാഴാക്കി. പി.എസ്.ജി നിരയിൽ ഇദ്രിസ്സ ഗുയെ, കിംപെബെ എന്നിവർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതും നിർണായകമായി. ലെയ്പ്സിഗ് ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. പി.എസ്.ജി മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

വിറച്ചിട്ടും വീഴാതെ ബാഴ്സലോണ

സൂപ്പർതാരം ലയണൽ മെസി ഗോളടിച്ചെങ്കിലും ഉക്രെയ്ൻ ക്ലബ്ബായ ഡൈനാമോ കീവിനെതിരെ ബാഴ്സലോണ വിജയവുമായി രക്ഷപ്പെട്ടെന്നു പറയണം. മത്സരത്തിനു മുൻപ് ടീമിലെ ആറ് പ്രമുഖ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാന ടീമിലെ 13 താരങ്ങൾ മാത്രമായാണ് ഡൈനാമോ ബാഴ്സയുടെ തട്ടകത്തിൽ പോരിനിറങ്ങിയത്. എന്നിട്ടും മുൻ ചാമ്പ്യൻമാരെ വിറപ്പിക്കാൻ അവർക്കായി.

മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാർസയുടെ വിജയം. അഞ്ചാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നാണ് മെസ്സി ബാർസയുടെ ആദ്യ ഗോൾ നേടിയത്. ജെറാഡ് പിക്വെയാണ് (65) രണ്ടാം ഗോൾ നേടിയത്. സൈഗാൻകോവിന്റെ വകയായിരുന്നു (75) ഡൈനാമോയുടെ ആശ്വാസഗോൾ. തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ബാഴ്സ ഒൻപതു പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ഫെറെങ്ക്‌വാറോസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തി യുവെന്റസാണ് രണ്ടാമത്. അൽവാരോ മൊറാട്ട (7, 60), പൗലോ ഡിബാല (72) എന്നിവരാണ് യുവെയ്ക്കായി ലക്ഷ്യം കണ്ടത്. ഒരു സെൽഫ് ഗോളും ലഭിച്ചു. 1-1 എന്ന നിലയിലായിരുന്ന യുവന്റസ് പരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലേക്ക് എത്തിയശേഷമാണ് മൂന്നുഗോളുകൾ നേടിയത്.

ഇരട്ട വെർണർ

ജർമൻ താരം ടിമോ വെർണറിന്റെ ഇരട്ടഗോൾ മികവിലാണ് ചെൽസി ഗ്രൂപ്പ് ഇയിലെ രണ്ടാം ജയം കുറിച്ചത്. 10, 41 മിനിറ്റുകളിലായി പെനൽറ്റിയിൽനിന്നാണ് വെർണർ ഗോൾ നേടിയത്. ടാമി എബ്രഹാമിന്റെ (50) വകയാണ് മൂന്നാം ഗോൾ. വിജയത്തോടെ ഏഴു പോയിന്റുമായി ചെൽസി ഗ്രൂപ്പിൽ ഒന്നാമതാണ്. ക്രാസ്നൊദറിനെ 3–2ന് മറികടന്ന സെവിയ്യയാണ് രണ്ടാമത്. അവർക്കും ഏഴു പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ചെൽസിക്കു പിന്നിലാണ്.