കൊച്ചുകുട്ടികൾക്കുപോലും ഹീറോയായ നടൻ ജയൻ കടന്നുപോയിട്ട് നാളെ നാൽപ്പതുവർഷം. മലയാളികളുടെ മനസിൽ അമരനായി, നിത്യഹരിതമായ ഓർമ്മകളിൽ ജയൻ ഈ നിമിഷവും ജീവിക്കുന്നു. ജയന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾക്ക് ഇന്നുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. ആരാധകർ ഇന്നും സ്നേഹിക്കുന്ന ജയന്റെ മരിക്കാത്ത ഓർമകളിലൂടെ...
ജയന്റെ ജന്മഗൃഹമായ തേവള്ളി ഓലയിൽ പൊന്നച്ചം വീടിന് സമീപം ഡിപ്പോപുരയിടത്തിൽ ജയന്റെ പേരിലുള്ള ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബിലേക്ക് കടന്നു ചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് ഈ വാചകങ്ങൾ കുറിച്ച ഫ്ളക്സ് ബോർഡാണ്: 'മലയാള സിനിമയിൽ ആണൊരുത്തൻ ഉണ്ടായിരുന്നു."" വാക്കുകളെ അന്വർത്ഥമാക്കുംവിധം ജയന്റെ ചിത്രം. ക്ളബ്ബിനുള്ളിൽ ജയൻ അനശ്വരമാക്കിയ വിവിധ സിനിമകളിലെ ചിത്രങ്ങൾ. ക്ളബ്ബ് ഭാരവാഹികളോ പരിസരവാസികളോ ആയവരാരും ജയനെ നേരിട്ട് കണ്ടിട്ടില്ല. പലരും ജയൻ മരിച്ച ശേഷം ജനിച്ചവർ. സിനിമകളിലൂടെ കണ്ടും പറഞ്ഞു കേട്ടും മാത്രം അറിഞ്ഞവർ. 40 വർഷത്തിനപ്പുറം മരണത്തിന്റെ തിരശീലയ്ക്ക് പിന്നിൽ മറഞ്ഞ പ്രിയനടനെ ഇന്നും നെഞ്ചേറ്റുന്നവർ. ഇവിടെ എല്ലാ വർഷവും ജയനെ സ്മരിക്കാൻ അനുസ്മരണവും സിനിമ പ്രദർശനവും മറ്റു പരിപാടികളും മുടക്കമില്ലാതെ നടക്കുന്നു. തേവള്ളി ജവാൻ ഭവനത്തിൽ വി.വിനയചന്ദ്രനെ ക്ളബ്ബിൽ കണ്ടു. ജയനെ നേരിട്ടു കാണുകയും വീടുമായി സഹകരിക്കുകയും ചെയ്തയാളാണ്. ''മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് ജയനെ വീട്ടിൽ വച്ച് അവസാനമായി കണ്ടത്. പിന്നീട് വന്നത് ഭൗതികദേഹമാണ്..."" ഇടറുന്ന കണ്ഠത്തോടെ അദ്ദേഹം പറഞ്ഞു, ''വീട്ടിൽ നിന്ന് ഭൗതികദേഹം എടുക്കാനും ശ്മശാനത്തിൽ എത്തിക്കാനും ഞാനുണ്ടായിരുന്നു.""
ജയന്റെ അയൽവാസിയായിരുന്ന നാണമച്ചം വീട്ടിൽ (ഇപ്പോൾ ജയദീപ്) ജയയ്ക്ക് കുട്ടിക്കാലം മുതലേ ജയനെന്ന കൃഷ്ണൻ നായരെ അറിയാമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ സുന്ദരനും അരോഗ ദൃഢഗാത്രനുമായിരുന്നു. ബേബിയെന്നായിരുന്നു വിളിപ്പേര്. വീട്ടിലെ സാഹചര്യം കാരണം പത്താംക്ളാസിനപ്പുറം പഠിക്കാനായില്ല. എല്ലാ ദിവസവും വൈകുന്നേരം ബേബി ഉറ്റ സുഹൃത്തായിരുന്ന പ്രശാന്തി ബാബു (രാജേന്ദ്രൻ) വിനോടൊത്ത് വീട്ടിൽ ഷട്ടിൽ കളിക്കുമായിരുന്നു. (രാജേന്ദ്രൻ രണ്ടു വർഷം മുമ്പ് മരിച്ചു) 'ഞാൻ അന്ന് എസ്.എൻ വനിതാ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. മർച്ചന്റ് നേവിയിലായിരുന്നപ്പോൾ നാട്ടിലെത്തിയാൽ വീട്ടുകാർക്കും അയൽവാസികൾക്കും എന്തും നൽകുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമയായിരുന്നു. എളിമയായിരുന്നു ബേബിയുടെ പ്രത്യേകതയെന്നും ജയ ഓർക്കുന്നു.
ഇന്നും എന്നും ഹീറോ
ചെന്നൈ നഗരത്തിൽ നിന്ന് മുപ്പതുകിലോമീറ്ററോളം അകലെ ഷോളാവരം, 1980 നവംബർ 16 ഞായറാഴ്ച. ഹെലികോപ്റ്റർ ഉയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണം. മലയാളസിനിമയിൽ അതാദ്യമായിരുന്നു, ഇങ്ങനെ ഒരു ചിത്രീകരണം. 'കോളിളക്കം" എന്ന സിനിമയുടെ ക്ളൈമാക്സ് രംഗം ഹിന്ദി സിനിമകളെ പോലെ
ഹെലികോപ്റ്റർ ഉപയോഗിച്ച് ചിത്രീകരിക്കണമെന്ന് നിർമ്മാതാവ് സുഗുണ സ്ക്രീൻ സി.വി ഹരിഹരൻ, സംവിധായകൻ പി.എൻ. സുന്ദരം എന്നിവർക്കൊപ്പം മറ്റൊരാൾക്ക് കൂടി നിർബന്ധമുണ്ടായിരുന്നു. അന്ന് മലയാള സിനിമയിൽ കത്തിജ്വലിച്ച് നിൽക്കുന്ന ഹീറോ ജയന്. മലയാളത്തിലെ ജെയിംസ് ബോണ്ടെന്നും ആക്ഷൻ സൂപ്പർ സ്റ്റാറെന്നും പേരെടുത്ത് നിന്ന അക്കാലത്ത് ജയൻ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായി മാറുന്ന കാലമായിരുന്നു. അന്നത്തെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ട് ജയൻ മരിച്ചിട്ട് 40 വർഷമാകുന്നു. ഇന്നും കൊച്ചുകുട്ടികൾക്ക് പോലും ജയൻ ഹീറോ ആണ്. കാലങ്ങൾ കടന്നിട്ടും അമരനായി ജീവിക്കുന്ന ജയന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾക്കും ഇന്നുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. സാഹസികതയെ നെഞ്ചൂക്കോടെ നേരിട്ട ആ നടനെ രംഗബോധമില്ലാതെ വന്ന് മരണം തട്ടിയെടുത്തതും അതിസാഹസിക പ്രകടനത്തിനിടെയായിരുന്നു. എന്നാൽ നാലു പതിറ്റാണ്ട് പിന്നിടുമ്പോഴും മറ്റൊരു നടനും ലഭിക്കാത്ത വിധം ജനമനസുകളിൽ ജീവിക്കുന്ന ആ വലിയ നടന്റെ ജീവൻ പൊലിഞ്ഞത് സിനിമാചിത്രീകരണത്തിലുണ്ടായ അശ്രദ്ധയും അപകടം മുൻകൂട്ടിക്കണ്ട് വേണ്ട മുൻകരുതലുകൾ എടുക്കാതിരുന്നതുമാണെന്ന് വ്യക്തം. വിധിയെ ആർക്കും തടുക്കാൻ കഴിയില്ലെങ്കിലും ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മഹാനടന് നേരിട്ട അകാലദുരന്തം ഒഴിവാക്കാമായിരുന്നില്ലേ?
ഡ്യൂപ്പില്ലാത്ത സാഹസികത
അന്ന് നടന്ന ചിത്രീകരണത്തിന് കാര്യമായ മുൻകരുതലുകളൊന്നും ഉണ്ടായിരുന്നില്ല. റബറിന് മരുന്ന് തളിയ്ക്കുന്ന രണ്ടുപേർക്ക് മാത്രം ഇരിയ്ക്കാവുന്ന ഹെലികോപ്റ്റർ എത്തിച്ചത് മുംബയിൽ നിന്ന്. മുൻഭാഗം ഗോളാകൃതിയിലും പിൻഭാഗത്തേക്ക് നീണ്ട വാലുപോലെയുമുള്ള കോപ്റ്റർ ഭാഗങ്ങളാക്കി ലോറിയിൽ ഷോളാവാരത്തെത്തിച്ച് കൂട്ടി യോജിപ്പിക്കുകയായിരുന്നു. കണ്ടം ചെയ്യാറായ കോപ്റ്ററിന്റെ കാര്യക്ഷമതയെയും സുരക്ഷിതത്വത്തെയും കുറിച്ച് പരിശോധിക്കാൻ വിദഗ്ധരൊന്നുമുണ്ടായിരുന്നില്ല. ഉള്ളിൽ പൈലറ്റിനെക്കൂടാതെ ഒരാൾക്ക് കൂടി ഇരിക്കാം. ഞായറാഴ്ച ദിവസമായ അന്ന് രാവിലെ ചിത്രീകരണം തുടങ്ങുമ്പോൾ രംഗത്ത് അഭിനയിക്കേണ്ടത് ജയനെക്കൂടാതെ സുകുമാരനും ബാലൻ കെ.നായരും. വില്ലനായ ബാലൻ കെ.നായർ ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ സുകുമാരൻ ഒാടിക്കുന്ന ബൈക്കിൽ പിറകിൽ ഇരിക്കുന്ന ജയൻ എഴുന്നേറ്റ് നിന്ന് ഹെലികോപ്റ്ററിൽ പിടിച്ച് തൂങ്ങി ബാലൻ കെ. നായരെ പിടിക്കാൻ ശ്രമിക്കുന്നതാണ് രംംഗം. ഉയർന്നു പൊങ്ങുന്ന കോപ്റ്ററിന്റെ അടിഭാഗത്തെ ലാൻഡിംഗ് പാഡിൽ ജയൻ പിടിച്ചു തൂങ്ങി. ബാലൻ കെ. നായരുമായുള്ള സംഘട്ടനം ആണ് സീൻ. എന്നാൽ കോപ്റ്ററിൽ തൂങ്ങുന്നതല്ലാതെ മറ്റെന്തെങ്കിലും ചെയ്താൽ ബാലൻസ് തെറ്റുമെന്നും അപകടസാദ്ധ്യതയുണ്ടെന്നും മാത്രമാണ് ജയന് നൽകിയ മുന്നറിയിപ്പ്. മൂന്ന് പ്രാവശ്യം ടേക്കെടുത്തപ്പോഴും പ്രശ്നമില്ലാതെ ഷോട്ട് ഓക്കെയായി. സംവിധായകനും ഓക്കെ പറഞ്ഞു. ഡ്യൂപ്പില്ലാതെ ജയൻ തന്നെയാണ് സാഹസികമായി ഈ രംഗങ്ങൾ അഭിനയിച്ചത്.
നട്ടുച്ചയിൽ അസ്തമയം
ഉച്ചയ്ക്ക് 2.30 ആയി. സംവിധായകൻ ഓക്കെ പറഞ്ഞു. എല്ലാവരും ഭക്ഷണത്തിനായി പിരിയാൻ ബ്രേക്ക് പറഞ്ഞു. ഈ സമയത്താണ് ജയൻ സംവിധായകനോട് ഒരഭ്യർത്ഥന നടത്തിയത്. ഒരു തവണ കൂടി എടുക്കണം, നല്ല തൃപ്തി തോന്നുന്നില്ല. ''ഇതുവരെ എടുത്തതെല്ലാം ഓക്കെയാണ്..."" സംവിധായകൻ പറഞ്ഞെങ്കിലും ജയൻ തൃപ്തനായില്ല. നിർബന്ധത്തിന് വഴങ്ങി ഒരു ടേക്ക് കൂടി എടുക്കാൻ തീരുമാനിച്ചു. മുമ്പ് എടുത്തതിൽ നിന്ന് വ്യത്യസ്തമായി ജയൻ ഹെലികോപ്റ്ററിന്റെ ലാൻഡിംഗ് പാഡിൽ തൂങ്ങി കാൽ മുകളിലേക്ക് വളച്ച് കോപ്റ്ററിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയം ബാലൻ കെ.നായരും ജയനെ ആക്രമിക്കാൻ ശ്രമിക്കും പോലെ കാൽ താഴേക്കിട്ടു. ഇരുവരും ഒരുവശത്തായതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. ഒരുവശത്തേക്ക് ചരിഞ്ഞ കോപ്റ്ററിൽ തൂങ്ങിക്കിടന്ന ജയനോട് സമീപത്തെ പുല്ലിലേക്ക് ചാടാൻ സംവിധായകനും മറ്റും വിളിച്ചുകൂവിയെങ്കിലും കോപ്റ്ററിന്റെ ശബ്ദത്തിൽ ഒന്നും കേൾക്കാനായില്ല. പിന്നെ സംഭവിച്ചത് ആർക്കും നിയന്ത്രിക്കാനാകാത്ത കാര്യങ്ങളായിരുന്നു. ഒരുവശത്തേക്ക് ചരിഞ്ഞ കോപ്റ്ററിൽ തൂങ്ങിക്കിടന്ന ജയന്റെ കാൽമുട്ടുകൾ ശക്തമായി തറയിലിടിച്ചു. അടുത്ത നിമിഷം പിടി വിട്ട ജയൻ കോൺക്രീറ്റ് തറയിൽ തലയിടിച്ചു വീണു. കോപ്റ്റർ നിലംപതിച്ചപ്പോൾ ബാലൻ കെ.നായരും ഡ്രൈവറും ഇരുവശത്തേക്കും വീണു. വീഴ്ചയിൽ ബാലൻ കെ.നായരുടെ കൈകാലുകളിലെ എല്ലൊടിഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ കല്ലിയൂർ ശശി എന്ന പ്രൊഡക്ഷൻ മാനേജർ വിളിച്ചുകൂവിയിട്ടും കോപ്റ്ററിനും അതിനടുത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന ജയന്റെയും അടുത്തേക്ക് പോകാൻ ആർക്കും ധൈര്യം വന്നില്ല. കോപ്റ്റർ തീപിടിച്ച് പൊട്ടിത്തെറിക്കുമോ എന്നായിരുന്നു എല്ലാവരും ഭയന്നത്. ഈ സമയം കല്ലിയൂർ ശശി ജയനടുത്തെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന ജയനെ ആശുപത്രിയിലെത്തിക്കാൻ അടുത്ത് ആശുപത്രി ഉണ്ടോ എന്നു പോലും ആർക്കും അറിയില്ല. ജയന്റെ ഫിയറ്റ് കാറിൽ തന്നെ അദ്ദേഹത്തെ കയറ്റിയ ശശി ആശുപത്രി ലക്ഷ്യമാക്കി കാറോടിച്ചു. വഴിയിൽ കണ്ട ക്ളിനിക്കിൽ കയറി. എത്രയും വേഗം നല്ല ആശുപത്രിയിൽ എത്തിക്കാൻ അവിടത്തെ ഡോക്ടർ പറഞ്ഞു. കനത്ത മഴയും ട്രാഫിക്ക് കുരുക്കും കടന്ന് 30 കിലോമീറ്റർ അകലെ മദ്രാസ് നഗരത്തിലെ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴും ജയന് അനക്കമുണ്ടായിരുന്നു. അപ്പോഴും അസാധാരണമായി എന്തെങ്കിലും സംഭവിക്കുമെന്ന് ആരും കരുതിയില്ല. ഓപ്പറേഷൻ തിയേറ്ററിൽ മണിക്കൂറുകളോളം ഡോക്ടർമാർ പരിശ്രമിച്ചു. ഒടുവിൽ സന്ധ്യയോടെ ആരാധക ലോകത്തെ ഞെട്ടിച്ച ആ സത്യം ഡോക്ടർമാർ ജയന്റെ സുഹൃത്തുക്കളെ അറിയിച്ചു. വീഴ്ചയിൽ തലച്ചോറ് പൊട്ടിച്ചിതറിപ്പോയി, ഇനി ഒന്നും ചെയ്യാനാകില്ല.
ഒരു മുൻകരുതലും ഇല്ലാതെ
ചിത്രീകരണത്തിനിടെ എന്തെങ്കിലും അപകട സാദ്ധ്യത മുൻകൂട്ടി കാണാനോ മുൻകരുതലുകൾ എടുക്കാനോ ആർക്കും തോന്നിയില്ലെന്നത് യാദൃശ്ചികമായിരുന്നോ? കോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ യൂണിറ്റിലുള്ള ഒരാൾക്ക് പോലും എന്ത് ചെയ്യണമെന്നറിയില്ല. അടുത്ത് ആശുപത്രിയുണ്ടോ, എത്ര ദൂരമുണ്ട്? ആർക്കും നിശ്ചയമില്ല. വിജനമായ സ്ഥലമായതിനാൽ പ്രദേശവാസികളും ഇല്ല. പരിക്കേൽക്കുന്നവരെ കൊണ്ടുപോകാൻ ആംബുലൻസ് പോയിട്ട് നല്ലൊരു വാഹനം പോലും ഉണ്ടായിരുന്നില്ല. ജയനെ അദ്ദേഹത്തിന്റെ സ്വന്തം ഫിയറ്റ് കാറിൽ കയറ്റിയാണ് കല്ലിയൂർ ശശി മണിക്കൂറുകൾ ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തിച്ചതെന്നാണ് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയത്. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് സുഹൃത്തുക്കൾ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയത്.
കണ്ണീരോടെ ജനസമുദ്രം
തേങ്ങുന്ന മനസുമായി അന്ന് കൊല്ലത്തേക്കൊഴുകിയെത്തിയ ജനലക്ഷങ്ങളുടെ ദുഃഖം ഇന്നും ഈ നഗരത്തിന് തീരാത്ത നൊമ്പരമാണ്. തേങ്ങിക്കരയുന്നവരും ദുഃഖം അടക്കാൻ പാടുപെടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് ജയന്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ച സി.കേശവൻ സ്മാരക ടൗൺഹാളിലും പിന്നീട് തേവള്ളി ഓലയിലെ വസതിയിലും സംസ്കാരം നടന്ന മുളങ്കാടകം ശ്മശാനത്തിലും മനുഷ്യമഹാസമുദ്രം ഒഴുകിയെത്തിയത്. ജയന്റെ അകാലവേർപാട് വിശ്വസിക്കാനാകാതെ തേങ്ങിക്കരയുകയായിരുന്നു ആരാധകലക്ഷങ്ങൾ.
ശാപമോക്ഷത്തിൽ തുടക്കം
മുപ്പത്തിയഞ്ചാം വയസിൽ 1974 ലായിരുന്നു കൃഷ്ണൻ നായരുടെ സിനിമ അരങ്ങേറ്റം. നേവിയിൽ നിന്ന് വിരമിച്ച ശേഷം മലയാള സിനിമയിൽ സ്റ്രണ്ട് മാസ്റ്ററായും ചെറിയ വേഷങ്ങളിൽ അഭിനയിച്ചും തുടങ്ങി. 1976 ൽ സംവിധായകൻ ജേസി തന്റെ 'ശാപമോക്ഷം" എന്ന സിനിമയിൽ ശ്രദ്ധേയ വേഷം നൽകി. പിന്നീട് അഗ്നിപുഷ്പം എന്ന ചിത്രത്തിലും വേഷം നൽകി. കൃഷ്ണൻ നായർക്ക് മലയാള സിനിമയിൽ ബ്രേക്കായി മാറിയത് ഹരിഹരന്റെ 'പഞ്ചമി" യിലെ ഫോറസ്റ്റ് റേഞ്ചറുടെ വേഷം. കൃഷ്ണൻ നായർക്ക് ജയനെന്ന പേര് നൽകിയത് ജോസ്പ്രകാശായിരുന്നു. പിന്നീട് ജയനെ ആന്റി ഹീറോയാക്കി ഹരിഹരൻ സംവിധാനം ചെയ്ത 'ശരപഞ്ജരം" വമ്പൻ ഹിറ്റായതോടെ മലയാള സിനിമയിലെ ആക്ഷൻ ഹീറോയായി മാറിയിരുന്നു. ജയനിലെ 'മസിൽമാനെ" പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രം മലയാള സിനിമ പ്രേക്ഷകർക്ക് പുത്തൻ അനുഭവമായിരുന്നു. പ്രേംനസീർ നിത്യഹരിത നായകനായി നിന്ന കാലത്തായിരുന്നു ഇതെന്നോർക്കണം. പ്രേംനസീർ തന്നെ പല സിനിമകളിലേക്കും ജയനെ ശുപാർശ ചെയ്യാൻ തുടങ്ങി. സൂപ്പർ സ്റ്റാർ എന്ന പദപ്രയോഗം ഇല്ലാതിരുന്ന അക്കാലത്ത് ജയൻ ലക്ഷക്കണക്കിന് ആരാധകരുടെ സൂപ്പർ സ്റ്രാറായി മാറി. അക്കാലത്തെ ഒന്നാംകിട സംവിധായകരായിരുന്ന ഐ.വി ശശി, ശ്രീകുമാരൻ തമ്പി, പി. ചന്ദ്രകുമാർ, ബേബി, ഹരിഹരൻ, എ.ബി രാജ്, വിജയാനന്ദ്, തുടങ്ങിയവരുടെ സിനിമകളിലെല്ലാം ജയനായിരുന്നു നായകൻ.
അങ്ങാടി, മീൻ, കരിമ്പന, കാന്തവലയം, തടവറ, പുതിയ വെളിച്ചം, നായാട്ട്, ഇടിമുഴക്കം, ഇരുമ്പഴികൾ, ചന്ദ്രഹാസം, ലവ് ഇൻ സിങ്കപ്പൂർ, കഴുകൻ, ലിസ, ശക്തി, ആവേശം തുടങ്ങിയ ജയൻ ചിത്രങ്ങളെല്ലാം വമ്പൻഹിറ്റുകളായി. ജെയിംസ്ബോണ്ട് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷൻ ചിത്രങ്ങളായിരുന്നു ഇതിൽ പലതും. എന്ത് റിസ്ക്കും എടുക്കാനുള്ള സന്നദ്ധതയാണ് 'കോളിളക്കം" എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജയനെ അപകടത്തിൽപ്പെടുത്തിയത്. വെറും ഏഴു വർഷങ്ങൾ മാത്രം മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിന്ന ജയൻ 125 ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു വെള്ളിനക്ഷത്രം പോലെ ഉദിച്ചുയർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ ജയന് ലഭിക്കുന്ന സ്നേഹവും ആരാധനയും വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ഗ്രാഫ് മുകളിലേക്കുയരുകയാണ്. ആ ചിരി, ആ പൗരുഷം, ആ ശരീരസൗന്ദര്യം ഒക്കെ ആരാധകർ നെഞ്ചേറ്റുന്നു. ജന്മനാടായ കൊല്ലത്ത് അദ്ദേഹത്തിന് ആകെയുള്ള സ്മാരകം തേവള്ളിയിലെ കുടുംബവീടിന് സമീപം നിർമ്മിച്ച ഒരു പൂർണകായ പ്രതിമയും പിന്നെ ജയൻ ആർട്സ് ആന്റ് സ്പോർട്സ് ക്ളബും മാത്രം. പ്രതിമയ്ക്ക് തൊട്ടുപിന്നിൽ കുടുംബവീട് നിന്നിടത്ത് പുതിയ ആശുപത്രി സമുച്ചയം ഉയരുന്നു. കുടുംബവീട് സ്മാരകമാക്കാൻ ആരാധകർ നടത്തിയ ശ്രമം വിജയിച്ചില്ല.
ജയനെ കാണാൻ അവരെത്തും
ജയൻ ഓർമ്മയായ നവംബർ 16 ന് കൊല്ലത്തെ ജയന്റെ പ്രതിമയിൽ പുഷ്പാർച്ചനയും ആദരവും അർപ്പിക്കാൻ നിരവധി പേരെത്തും. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ആരാധകർ ജയനെ സിനിമയിലൂടെ മാത്രം അറിഞ്ഞവരാണ്. നാലു പതിറ്റാണ്ടിനു ശേഷവും ഇവിടേയ്ക്ക് ആരാധകർ ഒഴുകിയെത്തുന്നത് കൊല്ലം നിവാസികളെയും അത്ഭുതപ്പെടുത്തുകയാണ്. ലക്ഷക്കണക്കായ ആരാധക ഹൃദയങ്ങളിൽ ജയന്റെ ഓർമ്മകൾ ഇപ്പോഴും ഒളിമങ്ങാതെ നിലനിൽക്കുന്നുവെന്നതാണ് അദ്ദേഹത്തിനുള്ള നിത്യസ്മാരകം. വെറും ഏഴു വർഷം മാത്രമാണെങ്കിലും ജയന്റെ ആ സാന്നിദ്ധ്യം ഒന്ന് മാത്രം മതി മലയാള സിനിമ അദ്ദേഹത്തോട് കടപ്പെടാൻ. അനേകായിരം ആരാധകരുടെ മനസിൽ ഇന്നും മരണമില്ലാതെ ജീവിക്കുന്ന ജയനെ അടുത്തറിഞ്ഞവർ ആ സാന്നിദ്ധ്യത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ആത്മാർത്ഥത, കഠിനാദ്ധ്വാനം, കൃത്യനിഷ്ഠ, എന്ത് റിസ്ക്കും എടുക്കാനുള്ള സന്നദ്ധത. പിന്നെ വടിവൊത്ത ആ ശരീരഘടന. എല്ലാറ്റിലും ഉപരിയായി പൗരുഷം തുളുമ്പുന്ന ഭാവങ്ങൾ. വ്യക്തിജീവിതത്തിലും മരിക്കും വരെ സംശുദ്ധി കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. നീട്ടിയുള്ള അദ്ദേഹത്തിന്റെ സിനിമാഡയലോഗുകൾ പിൽക്കാലത്ത് മിമിക്രിക്കാർ വികൃതമായി അനുകരിച്ചു.
ഒന്നുമില്ലായ്മയിൽ നിന്നും
സൂപ്പർപദവിയിലേക്ക്
കൊല്ലം തേവള്ളി ഓലയിൽ പൊന്നച്ചം വീട്ടിൽ മാധവൻ പിള്ള- ഭാരതി അമ്മ ദമ്പതികളുടെ മൂത്ത മകനായി 1939 ൽ ജനിച്ചു വീണത് ദാരിദ്ര്യത്തിന്റെ മടിത്തട്ടിലേക്കായിരുന്നു. പേര് കൃഷ്ണൻ നായർ. വീട്ടിലെ വിളിപ്പേര് ബേബി. തേവള്ളിയിൽ സത്രം സൂക്ഷിപ്പുകാരനായിരുന്ന അച്ഛനെ സത്രം മാധവൻപിള്ള എന്നാണറിയപ്പെട്ടത്. അദ്ദേഹം മരിച്ചതോടെ പട്ടിണിയും ദാരിദ്ര്യവും മാത്രം കൂട്ടായി. വീടിനടുത്തുള്ള തേവള്ളി ഗവ. ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഏറെ കഷ്ടപ്പെട്ട് മദ്രാസിലെത്തി. ഉറച്ച ശരീരവും കായികബലവും സാഹസികതയും മർച്ചന്റ് നേവിയിലേക്കുള്ള വാതിൽ തുറന്നു. വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും മാറിയത് അതോടെയാണ്. 16 വർഷം മാത്രമേ നേവിയിൽ തുടർന്നുള്ളു. നാടകത്തിലും മറ്റു കലാപരിപാടികളിലുമുള്ള താത്പര്യമാണ് മദ്രാസിൽ സിനിമയിൽ ഒരുകൈ നോക്കാൻ പ്രേരിപ്പിച്ചത്.