bineesh-kodiyeri

തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം. ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയ ബാലാവകാശ കമ്മിഷൻ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ജില്ലാ ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ ഓഫീസറോട് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന പരിശോധനയ്ക്കിടെ ബീനീഷിന്റെ ഭാര്യയെയും മകളെയും എൻഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് കുടുംബാഗംങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തിയിരുന്നു. കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കാൻ കമ്മിഷൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാർ വ്യക്തമാക്കിയിരുന്നു. മുറിയിൽ അടച്ചിട്ടാണ് ഇ.ഡി തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് ആരോപിച്ചിരുന്നു.