amitshaw

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ വൻ ജനരോഷം ഉയർന്നിരിക്കുകയാണെന്നും മമതയുടെ ദുർഭരണം അവസാനിപ്പിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബംഗാൾ ബി.ജെ.പി പിടിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദർശനത്തിനെത്തിയ ഷാ, ആദിവാസി മേഖലയായ ബങ്കുറയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് മമത സർക്കാരിരെ കടന്നാക്രമിച്ചത്.

' മുഖ്യമന്ത്രി മമതാ ബാനർജിയോട് ബംഗാളി ജനതയ്ക്കുള്ള രോഷം പകൽ പോലെ വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാളികൾക്ക് വലിയ ബഹുമാനമാണുള്ളത്. മമതാ ബാനർജിയുടെ ദുർഭരണത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. ബി.ജെ.പി സർക്കാർ 'സുവർണ ബംഗാൾ' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും.'- അമിത് ഷാ പറഞ്ഞു.

'എൺപതിലധികം കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ബംഗാളിലെ പാവപ്പെട്ട ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. ബംഗാളിലെ ജനങ്ങളുടെ കണ്ണുകളിൽ ഒരു മാറ്റത്തിനായുള്ള പ്രതീക്ഷ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ മാത്രമേ ഈ മാറ്റം സാദ്ധ്യമാകുകയുള്ളൂ. ആദിവാസി മേഖലകളിലുള്ളവർക്ക് വീടുകൾ നിർമിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ല. കർഷകർക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നു.
മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ മാറ്റങ്ങൾ

കൊണ്ടുവരാനാകും.' ബി.ജെ.പി പ്രവർത്തകരുടെ കൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ ഷാ വിമർശിച്ചു.
പുഷ്പവൃഷ്ടിനടത്തിയും ആരതി ഉഴിഞ്ഞുമാണ് കൊൽക്കത്തയിലെത്തിയ അമിത് ഷായെ ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചത്. ഇന്നും നാളെയും കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ ഷാ ജനങ്ങളെ അഭിസംബോധന ചെയ്യും. ദക്ഷിണേശ്വർ ക്ഷേത്രം സന്ദർശിക്കുന്ന ഷാ, പത്മഭൂഷൺ പണ്ഡിറ്റ് അജോയ് ചക്രബർത്തിയുമായി കൂടിക്കാഴ്ച നടത്തും.
ബങ്കുരയിലെ മത്വവ ആദിവാസി കുടുംബത്തോടൊപ്പം ഷാ ഭക്ഷണം കഴിക്കുമെന്നും വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങുമെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.