britney-spears

വാഷിംഗ്ടൺ: ലോകപ്രശസ്ത പോപ്പ് ഗായികയായ ബ്രിട്നി സ്പിയേഴ്സിന്റെ ആരാധകരെ ഏറെ വിഷമത്തിലാഴ്ത്തിയ വിഷയമാണ് അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ. എന്നാൽ, ഇപ്പോൾ ഏറെ സന്തോഷവതിയായ വ്യക്തിയാണ് താനെന്ന് ആരാധകരോട് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരിക്കുകയാണ് ബ്രിട്നി. ആരാധകർക്കു വേണ്ടി പുതിയ വീഡിയോയും അവർ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത് കഴിഞ്ഞു.

തന്റെ ജീവിതം ഒട്ടും ശോഭനമായല്ല മുന്നോട്ട് പോകുന്നതെന്നും, ധാരാളം മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും 2008ൽ താരം വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ താൻ സന്തോഷവതിയായാണ് ജീവിക്കുന്നതെന്നാണ് ബ്രിട്നി പറയുന്നത്.'എന്നെക്കുറിച്ച് ധാരാളം അഭിപ്രായങ്ങളും കഥകളും ആളുകൾ പറയുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് സുഖമാണെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..' - കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ ബ്രിട്നി പറയുന്നു.

മാനസിക പ്രശ്നങ്ങളെ തുടർന്ന് 12 വർഷം മുമ്പ് കോടതി ബ്രിട്നിയുടെ സ്വത്തുക്കളടക്കം സംരക്ഷണാവകാശത്തിന് കീഴിലാക്കിയിരുന്നു. 2008 മുതൽ 38 കാരിയായ ബ്രിട്നിയുടെ ബിസിനസും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് അവരുടെ പിതാവാണ്.

 ബ്രിട്നിയെ മോചിതയാക്കൂ

ബ്രിട്നിയുടെ ആരാധകരായ ഒരു ഗായകസംഘം #FreeBritney എന്ന പേരിൽ ഒരു ക്യാംപയിൻ ആരംഭിച്ചിരുന്നു. ഗായിക ലോസാഞ്ചലസിൽ വീട്ടുതടങ്കലിൽ ആണെന്നാണ് ഇവർ പറയുന്നത്. തന്നെ വീട്ടിൽ നിന്ന് രക്ഷിക്കണമെന്ന് ഗായിക ആവശ്യപ്പെടുന്ന രീതിയിലുള്ള ചിത്രങ്ങളും ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റ് ആരാധകരും ഇത് ഏറ്റുപിടിച്ചു. എന്നാൽ, ഈ ഗോസിപ്പുകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ബ്രിട്നിയുടെ പുതിയ വീഡിയോ. കഴിഞ്ഞ വർഷം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ ബ്രിട്നി ചികിത്സ തേടിയിരുന്നു. 2018 ഒക്ടോബർ മുതൽ പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നതും ബ്രിട്നി ഒഴിവാക്കിയിരുന്നു.