ബ്രസൽസ്: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാൻ മന്ത്രി ദേശീയ അസംബ്ലിയിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തെ അപലപിക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളായ ടിയറി മരിയാനി, ജൂലി ലെചൻട്യൂക്സ്, വിർജിനി ജോറോൺ, ഫ്രാൻസ് ജാമറ്റ് എന്നിവർ ആവശ്യപ്പെട്ടു. യൂറോപ്പിൽ നടന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന് നവംബർ നാലിന് അയച്ച കത്തിൽ അംഗങ്ങൾ ആവശ്യപ്പെടുന്നു. 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തു നിറച്ച ഭീകരരുടെ വാഹനം ജവാൻമാർ സഞ്ചരിച്ച ബസിൽ ഇടിച്ചുകയറ്റുകയായിരുന്നു. 2020 ഒക്ടോബർ 29ന് പാക് മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയിലാണ് പുൽവാമ ഭീകരാക്രമണം ഇമ്രാൻ ഖാൻ സർക്കാരിന്റെ വിജയമാണെന്ന് അവകാശപ്പെട്ടത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.