ഐ.പി.എല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റർ ഇന്ന്
ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിലേക്ക്, തോൽക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാം
അബുദാബി : ഇന്നത്തെ കളികഴിയുമ്പോൾ ഐ.പി.എല്ലിൽ നിന്ന് ഒരുടീം എലിമിനേറ്റഡാകും.അത് ഇനിയും കിരീടം നേടിയിട്ടില്ലാത്ത വിരാട് കൊഹ്‌ലിയുടെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ആകുമോ, മുൻ ചാമ്പ്യന്മാരായ ഡേവിഡ് വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദ് ആകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
റണ്ണൊഴുകാൻ പ്രയാസമുള്ള അബുദാബിയിലാണ് എലിമിനേറ്റർ മത്സരം.ഈ കളിയിൽ തോൽക്കുന്നവർക്ക് പുറത്തുപോകാമെങ്കിലും ജയിക്കുന്നവർക്ക് മുന്നിൽ ഫൈനലിന്റെ വാതിൽ നേരിട്ട് തുറക്കുന്നില്ല. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫറിലേക്കാണ് എലിമിനേറ്റർ വിജയികൾക്ക് ലഭിക്കുന്ന ടിക്കറ്റ്.
നേരത്തേ പ്ളേ ഓഫ് ഉറപ്പിച്ചിരുന്നെങ്കിലും നാലാംസ്ഥാനക്കാരായാണ് ബാംഗ്ളൂരിന് ലീഗ് റൗണ്ട് ഫിനിഷ് ചെയ്യാനായത്. അവസാനമത്സരത്തിൽ സൺറൈസേഴ്സ് ഒമ്പതുവിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കിയതിനാലായിരുന്നു അത്.
7
സീസണിൽ ഏഴുവീതം വിജയവും തോൽവിയും ഏറ്റുവാങ്ങിയവരാണ് ബാംഗ്ളൂരും ഹൈദരാബാദും.
നേർക്കുനേർ
സീസണിലെ ബാംഗളൂരിന്റെ ആദ്യ മത്സരം ഹൈദരാബാദിനോടായിരുന്നു. അതിൽ അവർ 10 റൺസിന് വിജയിച്ചു.
കഴിഞ്ഞശനിയാഴ്ച നടന്ന മത്സരത്തിൽ അഞ്ചുവിക്കറ്റിന് ജയിച്ച് വാർണറും കൂട്ടരും പകരം വീട്ടി.
മാച്ച് ഫാക്ട്സ്
1. പരിചയസമ്പന്നരായ താരങ്ങൾ ഇരുടീമിലും അണിനിരക്കുന്നു. ഹൈദരാബാദിനായി വാർണറും കേൻ വില്ല്യംസണും ഒരുമിക്കുമ്പോൾ ബാംഗ്ളൂരിൽ കൊഹ്‌ലിക്കൊപ്പം എ.ബി ഡിവില്ളിയേഴ്സുണ്ട്.
2.ദേവ്ദത്ത് പടിക്കൽ എന്ന മലയാളി ഓപ്പണർ തന്റെ ആദ്യ ഐ.പി.എൽ സീസണിൽ ബാംഗ്ളൂർ ബാറ്റിംഗിന് നൽകിയ ആതമവിശ്വാസം വളരെ വലുതാണ്.
3.ബാംഗ്ളൂർ നിരയിൽ യുസ്‌വേന്ദ്ര ചഹലിന്റെയും മറുവശത്ത് റാഷിദ് ഖാന്റെയും മാറ്റുരയ്ക്കൽ മത്സരം കൂടിയാകും ഇത്.
4.കഴിഞ്ഞ നാലുമത്സരങ്ങളിൽ തുടർച്ചയായി തോറ്റവരാണ് കൊഹ്‌ലിയും കൂട്ടരും. ചെന്നൈ.മുംബയ്.ഹൈദരാബാദ്,ഡൽഹി എന്നിവരോടായിരുന്നു ഈ തോൽവികൾ.
5. കഴിഞ്ഞ മൂന്ന് കളികൾ ജയിച്ചാണ് ഹൈദരാബാദ് പ്ളേഓഫ് സ്ഥാനം നേടിയെടുത്തത്.