protest

വാഷിംഗ്ടൺ: അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതിഷേധവുമായി ട്രംപ് അനുകൂലികൾ. വോട്ടെണ്ണൽ നിറുത്തണമെന്നാവശ്യപ്പെട്ട് ക്ഷുഭിതരായ ട്രംപ് അനുകൂലികൾ മിഷിഗണിലെയും അരിസോണയിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടിച്ചുകൂടി.

പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളിൽ നിന്നുളള ഫലം ബുധനാഴ്ച ട്രംപിന് പ്രതികൂലമായതോടെയാണ് വോട്ടെണ്ണൽ നിറുത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി ട്രംപ് അനുകൂലികൾ പ്രതിഷേധമുയർത്തുന്നത്.

തപാൽ ബാലറ്റുകളുടെ കാര്യത്തിൽ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാർ കേസ് കൊടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടെണ്ണൽ നടപടികളുടെ തത്സമയ സംപ്രേക്ഷണമുണ്ട്. മാത്രമല്ല, ബാലറ്റുകൾ എണ്ണുന്നത് ഇരുപക്ഷത്തിന്റെയും നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാണ്. തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ രണ്ടു ഉന്നതോദ്യോഗസ്ഥർ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ ഡെമോക്രാറ്റും മറ്റേയാൾ റിപ്പബ്ലിക്കനുമാണ്.
എല്ലാ തരത്തിലുമുള്ള വോട്ടുകളും എണ്ണണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.

കൃത്യമായ വോട്ടെണ്ണലിന് സമയമെടുക്കും. ഇത് ജനാധിപത്യത്തിന്റെ തെളിവാണ്, വഞ്ചനയല്ല. -

ഡെമോക്രാറ്റിക് സൂപ്പർവൈസർ സ്റ്റീവ് ഗല്ലാർഡോയും മരികോപ കൗണ്ടി ബോർഡ് ഒഫ് സൂപ്പർവൈസേഴ്‌സ് ജി.ഒ.പി ചെയർമാനായ ക്ലിന്റ് ഹിക്ക്മാനും ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ന്യൂയോർക്ക് മുതൽ സിയാറ്റിൽ വരെ ആയിരക്കണക്കിന് ഡെമോക്രാറ്റുകൾ എല്ലാ വോട്ടുകളും എണ്ണണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസും ഇതേ ആവശ്യമുയർത്തിയിട്ടുണ്ട്.