വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ 264 ഇലക്ടറൽ വോട്ടുമായി വിജയത്തിനരികെ നിൽക്കെ, രണ്ടാംവരവിൽ പ്രതീക്ഷ മങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിവിധ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ തിരിമറി ആരോപിച്ച് കോടതിയെ സമീപിച്ചു.
ഇലക്ടറൽ കോളേജിലെ ഭൂരിപക്ഷമായ 270 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ ബൈഡന് ആറ് വോട്ടു കൂടി മതി
യെന്നാണ് റിപ്പോർട്ട്. 214 ഇലക്ടറൽ വോട്ടുകളുമായി ഏറെ പിന്നിലായ ട്രംപിന് ജയിക്കാൻ 56 വോട്ടു കൂടി വേണം. അതേസമയം, പോപ്പുലർ വോട്ടിൽ ഒബാമയെ മറികടന്ന് ഏഴു കോടിയിലധികം വോട്ടുകൾ നേടി ബൈഡൻ റെക്കാഡിട്ടു. ജോർജിയ (16), പെൻസിൽവേനിയ (20), നെവാദ (6), നോർത്ത് കരോളിന (15) എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് വരാനുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം ജയിച്ചാലേ ട്രംപിന് 270ൽ എത്താനാകൂ.
നെവാദയിൽ ബൈഡൻ ലീഡ് ചെയ്യുകയാണ്. ജോർജിയയിലും പെൻസിൽവേനിയയിലും ട്രംപിന്റെ ലീഡ് ബൈഡൻ ക്രമമായി കുറച്ചു കൊണ്ടുവരികയും ജോർജിയയിൽ മുന്നിലെത്തുകയും ചെയ്‌തു. പെൻസിൽവേനിയയിൽ ട്രംപിന്റെ ലീഡ് ഇന്നലെ 1.65 ലക്ഷം ആയി കുറഞ്ഞു. ഇവിടെയും ബൈഡൻ മുന്നിലെത്തുമെന്നാണ് സൂചനകൾ.
അതിനിടെ, ട്രംപ് അനുകൂലികളും എതിർപക്ഷവും രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ന്യൂയോർക്കിൽ അറുപതിലേറെ പേരെ അറസ്റ്റ് ചെയ്‌തു. അരിസോണയിൽ കൗണ്ടിംഗ് സ്റ്റേഷനു സമീപം നൂറ്റി അൻപതോളം ട്രംപ് അനുകൂലികൾ തോക്കുകളുമായി തടിച്ചുകൂടിയത് സംഘർഷമുണ്ടാക്കി.
ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനെതിരെയാണ് ട്രംപ് നിയമയുദ്ധത്തിനൊരുങ്ങുന്നത്. ഇവിടങ്ങളിൽ താൻ ലീഡ് ചെയ്യുകയായിരുന്നെന്നും, അതിനു ശേഷം അട്ടിമറി നടന്നെന്നുമാണ് പരാതി.