തന്റെ എതിരാളിയും ഡെമോക്രാറ്റ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ വിജയത്തിലേക്ക് പതുക്കെ നടന്നു കയറുമ്പോൾ നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വന്നുചേർന്ന അങ്കലാപ്പിനും പരിഭ്രമത്തിനും ലോകം മുഴുവൻ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനും ഏറെ മുമ്പുതന്നെ താൻ ജയിച്ചതായി പ്രഖ്യാപിക്കുക, വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ഇല്ലെങ്കിൽ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറയുക, എന്നിങ്ങനെ അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഭരണാധികാരിയും നടത്താത്ത, പരിഹാസ്യമായ പ്രസ്താവനകളാണ് വോട്ടെടുപ്പിന്റെ സമയത്തും ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇരുവരുടെയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഉയർച്ചയിൽ നിർണായക സ്വാധീനം വഹിക്കുന്ന മിഷിഗൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചുകാണുന്നത് ട്രംപിനെ അസ്വസ്ഥനാക്കുന്നത് മനസിലാക്കാൻ സാധിക്കും. എന്നാൽ അത് ഇത്തരത്തിലുള്ള വിഭ്രാന്തിയുടെ തലത്തിലേക്ക് ഉയരുന്നത് തീർച്ചയായും അസ്വാഭാവികമാണ്. പരാജയഭീതി കൊണ്ട് ട്രംപ് നടത്തിയ ട്വിറ്റർ പ്രസ്താവനകൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം 'സത്യവിരുദ്ധം' എന്ന ടാഗ് നൽകിയതും ശ്രദ്ധേയമാണ്. എന്നാൽ ആള് ട്രംപ് ആയതിനാൽ ഇക്കാര്യത്തിൽ അത്ര അത്ഭുതപ്പെടാനുമില്ല.
ഗൂഡാലോചനാ സിദ്ധാന്തങ്ങൾ വഴിയും വസ്തുതകളുടെ പിൻബലമില്ലാതെയുള്ള ദുഷ്പ്രചരണങ്ങൾ വഴിയും അമേരിക്കൻ ജനതയുടെ ശ്രദ്ധ വഴിതിരിച്ചു വിടാനുള്ള പ്രസിഡന്റിന്റെ 'സിദ്ധി' കുപ്രസിദ്ധമാണ്. അടുത്തിടെ അമേരിക്കൻ തീവ്ര വലതുപക്ഷത്തിനിടയിൽ പ്രചാരം നേടിയ 'ക്യൂ ആനൻ' സിദ്ധാന്തം ഇതിന്റെ ഒരു ഉദാഹരണം മാത്രം. നിരന്തരം അസത്യങ്ങളുടെ ഘോഷയാത്രയുമായി എത്തുന്ന ട്രംപിന് കുട പിടിക്കാൻ യാഥാസ്ഥിതിക നിലപാടുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഫോക്സ് ന്യൂസ്' ഉൾപ്പെടെയുള്ള മാദ്ധ്യമസ്ഥാപനങ്ങൾ ഉണ്ടെന്നുള്ളതും നിർഭാഗ്യകരവുമാണ്.
ട്രംപിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ സോഷ്യൽ മീഡിയാ പോസ്റ്റുകളെയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകളെയും മുഖ്യധാരാ ചർച്ചകളിൽ സജീവമാക്കാൻ 2016ൽ ട്രംപ് അധികാരത്തിലെത്തുന്നത് തൊട്ട് ഫോക്സ് ന്യൂസ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല(അദ്ദേഹത്തെ അധികാരത്തിൽ എത്തിക്കുന്നത് പോലും ഫോക്സിന്റെ ഈ ഇടപെടലുകളാണെന്നുള്ളത് മറ്റൊരു കാര്യം). ഇതേ മട്ടിൽ ട്രംപിനെ ഒന്നുകൂടി സഹായിക്കാനാണ് ഫോക്സ് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ ഉണ്ടായി എന്നും പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണപ്പെടുന്നതെന്നുമുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകൻ റുഡോൾഫ് ഡബ്‌ള്യു. ഗ്യുലിയാനിയുടെയും മറ്റ് അനുകൂലികളുടെയും വാദങ്ങൾ ആദ്യം ഏറ്റുപിടിച്ചത് ഫോക്സ് ന്യൂസ് ആണ്. ട്രംപിന്റെ വാക്കുകൾ തന്നെ കടമെടുത്തുക്കൊണ്ട് ബൈഡൻ മുന്നേറ്റമുണ്ടാക്കുന്ന നിർണായക സംസ്ഥാനങ്ങളിലെ വോട്ടുകൾ 'പെട്ടെന്ന് കണ്ടെടുത്തതാണെ'ന്ന് വരെ ഫോക്സിന്റെ അവതാരകർ പ്രഖ്യാപിക്കാൻ തയ്യാറായി.
ഇവിടങ്ങളിൽ ബൈഡൻ വിജയം നേടുമെന്നുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെ തന്നെയാണ് ഫോക്സ് ട്രംപിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും സഹായിക്കാനായി ഈ അടിസ്ഥാനമില്ലാത്ത വാർത്തകൾ നൽകിയത്. അരിസോണ സംസ്ഥാനത്ത് ബൈഡൻ വിജയത്തിലേക്ക് അടുക്കുന്നു എന്നുള്ള വാർത്ത ഇന്നലെ ഫോക്സ് നൽകിയിരുന്നു. ഈ വാർത്താ വലതുപക്ഷത്തോട് കൂറുള്ള ട്രംപ് അനുകൂലികളെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്.
അരിസോണയിലെ ഫീനിക്സിലുള്ള വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ ചാനലിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി ഇവർ തടിച്ചുകൂടിയതോടെ ഫോക്സ് അപകടം മണത്തു. ഇതിനെ തുടർന്ന് ട്രംപിന്റെ മരുമകനും അദ്ദേഹത്തിന്റെ ഉപദേഷ്ടാവുമായ ജാരഡ് കുഷ്‌നർ ഫോക്സ് ഉടമയും 'മീഡിയാ മുഗളനു'മായ റൂപർട്ട് മുർഡോക്കിനോട് പരാതി പറയുകയും ചെയ്തതോടെ 'തങ്ങളുടെ സ്ഥാനാർത്ഥിക്കുള്ള' പിന്തുണ ഒന്നുകൂടി പ്രകടമാക്കാൻ തീരുമാനിക്കുകയായിരുന്നു ഈ വാർത്താ ചാനൽ. ഏതായാലും ഇത്തവണ ട്രംപിന് വേണ്ടിയുള്ള ഫോക്സിന്റെ പ്രചാരണം മുമ്പത്തെപ്പോലെ ഏൽക്കുമോ എന്നുള്ള കാര്യം സംശയമാണ്. നിലവിലെ കണക്ക് പ്രകാരം വിജയത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകളിൽ 264 വോട്ടുകൾ ബൈഡൻ സ്വന്തമാക്കിയിട്ടുണ്ട്. 214 ഇലക്ടറൽ വോട്ടുകളാണ് ഇതുവരെ ട്രംപിന് നേടാനായത്.