wilbur-beast

ലോസ്ആഞ്ചലസ് : അടുത്ത യു.എസ് പ്രസിഡന്റ് ആര് എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. പക്ഷേ, അമേരിക്കയിലെ ഒരു കൊച്ചു പട്ടണത്തിലുള്ളവർ തങ്ങളുടെ മേയറെ തിരഞ്ഞെടുത്തതിന്റെ ആഘോഷത്തിലാണ്. അതും വമ്പൻ ഭൂരിപക്ഷത്തിലാണ് പുതിയ മേയർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ മേയർ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ' വിൽബർ ബീസ്റ്റ് ' എന്ന് പേരുള്ള ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയാണ് അത്. !

കെന്റകിയിലെ റാബിറ്റ് ഹാഷ് എന്ന ചെറിയ പ്രദേശത്തിലുള്ളവരാണ് വിൽബറിനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തത്. 13,143 വോട്ടുകൾക്കാണ് വിൽബർ ബീസ്റ്റിന്റെ ജയമെന്ന് റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. ആകെ 22,985 വേട്ടുകളാണ് രേഖപ്പെടുത്തിയത്.

ബീഗിൾ ഇനത്തിലെ ' ജാക്ക് റാബിറ്റ് ', ഗോൾഡൻ റിട്രീവർ ഇനത്തിലെ ' പോപ്പി ' എന്നീ നായകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. അതേ സമയം, ബോർഡർ കോളി ഇനത്തിൽപ്പെട്ട 12 വയസുകാരിയായ ലേഡി സ്റ്റോൺ എന്ന നായ റാബിറ്റ് ഹാഷ് പട്ടണത്തിന്റെ ' അംബാസിഡർ' പദവി നിലനിറുത്തി.

ഓഹിയോ നദിയുടെ തീരത്താണ് റാബിറ്റ് ഹാഷ് സ്ഥിതി ചെയ്യുന്നത്. 1990കൾ മുതൽ നായകളെ ഇവിടെ മേയറായി തിരഞ്ഞെടുക്കുന്നുണ്ട്. ഓരോ വോട്ടിനും ഒരു ഡോളർ നിരക്ക് ആളുകൾ സംഭാവനയും നൽകും. റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും.

അധികാരത്തിലേറി കഴിഞ്ഞാൽ റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയ്ക്കും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി പണം സമാഹരിക്കാൻ സഹായിക്കുക എന്നതാണ് മേയറായ വിൽബർ ബീസ്റ്റിന്റെ ചുമതല. വിൽബറിന് എമി നോലന്റ് എന്ന ' മനുഷ്യ ' ഔദ്യോഗിക വക്താവും ഉണ്ട്.