മുംബയ്: ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ റിപ്പബ്ളിക് ടി.വി ചീഫ് എഡിറ്റർ അർണബാ ഗോസാമിക്ക് ഇടക്കാല ജാമ്യമില്ല. കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അർണബിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. തന്നെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും അർണബ് ആരോപിച്ചിരുന്നു. എന്നാൽ, കോടതി അടിയന്തര ഇടപെടൽ നടത്തിയില്ല. ഹർജിയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദം കേൾക്കും.
ആത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനർ അൻവയ് നായികിന്റെ മകൾ അദന്യ അൻവയ് നായിക് അച്ഛന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും. അർണബിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് ഹാജരായത്.
കഴിഞ്ഞ ദിവസമാണ് ആർക്കിടെക്ട് അൻവെയ്, അമ്മ കുമുദം എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ മുംബയ് റായ്ഗഡിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫിറോസ് ഷെയ്ക്ക്, നിതേഷ് സർദ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അലിബാഗ് ജില്ല മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അർണബ് ഗോസ്വാമി സ്വാധീനമുള്ള വ്യക്തിയാണെന്നും കേസന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അർണബിനൊപ്പം ഇവരും റിമാൻഡിലാണ്.
വനിതാപൊലീസിനെ ആക്രമിച്ചു:അർണബിനെതിരെ വീണ്ടും കേസ്
അർണബിനെതിരെ കുരുക്കു മുറുക്കി മുംബയ് പൊലീസ്. അറസ്റ്റ് നടപടികൾക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അർണബിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.
പൊലീസുകാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് അർണബിന്റെ ഭാര്യ, 20 വയസുള്ള മകൻ, മറ്റു രണ്ടു പേർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. അലിബാഗ് കോടതിയിൽ പൊലീസ് ഹാജരാക്കിയപ്പോൾ, കോടതി നടപടികൾ മൊബൈൽ ഫോണിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാൻ ശ്രമിച്ചതിന് അർണബിനെ ശാസിച്ചതായും റിപ്പോർട്ടുണ്ട്.