ബെർലിൻ : പക്ഷിപ്പനി ബാധയെ തുടർന്ന് നെതർലൻഡ്സിലെയും ജർമനിയിലെയും ഫാമുകളിൽ കോഴികളെ കൂട്ടത്തോടെ കൊന്നുതള്ളുന്നു. വൈറസ് മറ്റ് ഫാമുകളിലേക്ക് പടരാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് അധികൃതർ. കിഴക്കൻ നെതർലൻഡ്സിലെ രണ്ട് ഫാമുകളിലായി 200,000 കോഴികളെയാണ് വൈറസ് ബാധയെ തുടർന്ന് കൊന്നത്.
ജർമനിയിലെ ഷ്‌ലേസ്‌വിഗ് - ഹോൾസ്റ്റെയിനിലെ ഒരു പൗൾട്രി ഫാമിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം, H5N8 ഇനത്തിൽപ്പെട്ട വൈറസ് ആയതിനാൽ മനുഷ്യർക്ക് കാര്യമായ ഭീഷണി ഉയർത്തുന്നില്ല. എന്നാൽ കോഴിവളർത്തൽ മേഖലയെ ഇത് സാരമായി ബാധിക്കും. വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ കോഴികളുമായി സമ്പർക്കത്തിൽ വരരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫ്രോഡ്ഷാമിലെ ഒരു പൗൾട്രി ഫാമിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് 13,000ത്തോളം കോഴികളെ കൊല്ലാൻ ഉത്തരവിട്ടിരുന്നു. റഷ്യയിലും കഴിഞ്ഞ മാസം സമാനരീതിയിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ഫാമുകളിൽ പക്ഷികളെ കൊന്നൊടുക്കിയിരുന്നു. അതേ സമയം, ഇംഗ്ലണ്ടിൽ H5N2 പക്ഷിപ്പനി വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. എന്നാൽ വലിയ തോതിൽ ഇവിടെ വൈറസ് വ്യാപനം നടന്നിട്ടില്ല.
ജർമനിയിലെ നോർഡ്ഫ്രീസ്‌ലാൻഡ് തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ കാട്ടുപക്ഷികൾക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു. 2016 - 2017 കാലത്ത് പക്ഷിപ്പനിയെ തുടർന്ന് 900,000 ത്തിലേറെ പക്ഷികളെയാണ് കൊല്ലേണ്ടി വന്നത്. 2003ൽ നെതർലൻഡ്സിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയെ തുടർന്ന് രാജ്യവ്യാപകമായി കൊന്നൊടുക്കിയത് 30 ദശലക്ഷത്തോളം പക്ഷികളെയാണ്.