mm-naravane

കാഠ്മണ്ഡു: മൂന്നു ദിവസത്തെ നേപ്പാൾ സന്ദർശനത്തിനെത്തിയ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയ്ക്ക് നേപ്പാൾ സൈന്യത്തിന്റെ ഓണററി ജനറൽ റാങ്ക് നൽകി ആദരിച്ചു.

ഇന്നലെ വൈകിട്ട് നേപ്പാൾ പ്രസിഡന്റിന്റെ വസതിയായ ശീതൾ നിവാസിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രസിഡന്റ് വിദ്യദേവി ഭണ്ഡാരിയാണ് നരവനെയ്ക്ക് പ്രത്യേക പദവി സമ്മാനിച്ചത്. ഇന്ത്യ നേപ്പാൾ സൈനിക ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി വിലപിടിച്ച വാളും പ്രശസ്തിപത്രവും നൽകി. തുടർന്ന് പ്രസിഡന്റ് വിദ്യ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി എന്നിവരുമായി നരവനെ കൂടിക്കാഴ്ച നടത്തി.

തുടർന്ന് നരവനെ നേപ്പാൾ സൈന്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ത്രിദിന സന്ദർശനത്തിനായി ബുധനാഴ്ചയാണ് നരവാനെ ഭാര്യ വീണയ്‌ക്കൊപ്പം വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ നേപ്പാളിലെത്തിയത്. നേപ്പാൾ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടന്ന ചടങ്ങിലാണ് സൈന്യം നരവനെയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങൾ നേപ്പാൾ ഭൂപടത്തിൽ ചേർത്തതിനെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ വഷളായ ബന്ധം ഊഷ്മളമാക്കാൻ ലക്ഷ്യമിട്ടാണു നരവനെയുടെ സന്ദർശനം.