vs-sunil-kumar

തിരുവനന്തപുരം: സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ പാർട്ടി അച്ചടക്ക നടപടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ് സുപാലിനെ സസ്‌പെന്‍ഡ് ചെയ്യുകയും സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.രാജേന്ദ്രന് താക്കീത് നൽകുകയും ചെയ്തു. മൂന്നുമാസത്തേക്കാണ് സുപാലിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് നേതാക്കൾക്കെതിരായ നടപടി.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊട്ടാരക്കരയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപാലും രാജേന്ദ്രനും നേര്‍ക്കുനേര്‍ വെല്ലുവിളിച്ചത്. സംഭവത്തില്‍ ഇരുവരോടും പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. കെ.ഇ.ഇസ്മായില്‍ പക്ഷക്കാരനും കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സുപാല്‍ നല്‍കിയ വിശദീകരണം തള്ളിയ സംസ്ഥാന കൗണ്‍സില്‍ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. കാനം രാജേന്ദ്രന്റെ പക്ഷത്തിനൊപ്പം നില്‍ക്കുന്ന ആര്‍.രാജേന്ദ്രന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചു.

അതേസമയം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ ചോദ്യം ചെയ്തു മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സുപാലിന് സസ്‌പെന്‍ഷനും രാജേന്ദ്രന് താക്കീതും എന്ന രീതി ശരിയല്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സുപാലിന്റെ സസ്പെൻഷൻ നടപടി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയെ എ.കെ.ജി സെന്ററിന്റെ അടിമയാക്കിയെന്ന് പി.സന്തോഷ് കുമാര്‍ വിമർശിച്ചു.


ജില്ലാ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാന്‍ കഴിയാതായതോടെയാണ് സി.പി.ഐയില്‍ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും എന്‍.അനിരുദ്ധനെ മാറ്റി സി.എം.പി മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ആര്‍. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തെയാണ് ചോദ്യം ചെയ്തതെന്നുമാണ് മറുചേരിയുടെ വാദം.