china

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ എത്തിയവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി ചൈന. അനിശ്ചിതകാലത്തേക്കാണ് സർവീസുകൾ നിറുത്തിവച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയിൽ സാധാരണഗതിയിലുള്ള വിമാന സർവീസ് തുടങ്ങിയിട്ടില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക എയർ ഇന്ത്യാ സർവീസുകൾ നടത്തിയിരുന്നു.

1500 ത്തിലധികം ഇന്ത്യക്കാരാണ് വരുന്ന ആഴ്ചകളിൽ നിശ്ചയിച്ചിരുന്ന വന്ദേഭാരത് സർവീസുകളിൽ ചൈനയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിരുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വിസയോ റസിഡൻസ് പെർമിറ്റോ കൈവശവുള്ള ഇന്ത്യക്കാരുടെ പ്രവേശനവും ചൈന താത്കാലികമായി നിറുത്തിവച്ചു.

എന്നാൽ നയതന്ത്ര, സേവന, സി - വിസ കൈവശമുള്ളവർക്ക് ഇത് ബാധകമല്ല. അടിയന്തിര ആവശ്യങ്ങൾക്കായി ചൈനയിലെത്തേണ്ടവർക്ക് ഇന്ത്യയിലെ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിൽ അപേക്ഷ നൽകാം. 2020 നവംബർ 3ന് ശേഷം നൽകിയ വിസകളുള്ളവർക്കും പ്രവേശന വിലക്കില്ല. നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ വുഹാനിൽ ലാൻഡ് ചെയ്ത വന്ദേഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.