തന്റെ ഉയർച്ചയും വളർച്ചയും കാണാൻ ആദ്യഭാര്യ നെയ്ലി ഹണ്ടർ കൂടെയില്ലെന്നാണ് ജോ െെബഡന്റെ ഏറ്റവുംവലിയ സ്വകാര്യ ദുഃഖം
1972ൽ ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈഡന് അക്കൊല്ലത്തെ ക്രിസ്മസ് ദുരന്തകാലമായിരുന്നു. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ബൈഡന്റെ ഭാര്യ നെയ്ലി ഹണ്ടറും മൂന്ന് മക്കളും കൂടി ക്രിസ്മസ് ട്രീ വാങ്ങാൻ പോയതായിരുന്നു. കാർ അപകടത്തിൽ പെട്ട് നെയ്ലിയയും ഒരു വയസുകാരി മകളും മരിച്ചു. രണ്ട് പുത്രന്മാർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും വിയോഗം താങ്ങാനാവാതെ ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചു.
പക്ഷേ അതൊരു വഴിയല്ലെന്ന് മനസിലായി. ദൈവം എന്നോട് ഒരു ഭീകരത കാട്ടി എന്ന് എനിക്ക് തോന്നി. എനിക്ക് ദേഷ്യമായിരുന്നു അപ്പോൾ - അതേ പറ്റി ബൈഡൻ പിന്നീട് പറഞ്ഞു.
സെനറ്റിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ ബൈഡൻ പങ്കെടുത്തില്ല. മകന്റെ ആശുപത്രി മുറിയിൽ ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മക്കളോടൊപ്പം കൂടുതൽ സമയം ചെലവിടാനായി അദ്ദേഹം വിൽമിംഗ്ടണിൽ താമസമാക്കി. സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ എല്ലാ ദിവസവും ട്രെയിനിൽ വാഷിംഗ്ടണിലേക്ക് പോകും. സെനറ്റ് അംഗമായിരുന്ന കാലമത്രയും ജീവിത വ്രതം പോലെ അദ്ദേഹം ട്രെയിനിൽ നിത്യവും വാഷിംഗ്ടണിൽ പോയി വരികയായിരുന്നു.